സജീവ് മണക്കാട്ടുപുഴ
ലോകത്തെ സൂപ്പർ സൈനിക ശക്തികൾ അമേരിക്ക, ചൈന, റഷ്യ എന്നിവരാണ്.
ഭാരതം ഇവർക്കൊപ്പം തന്നെ നിൽക്കുന്നെന്ന് ആ രാജ്യങ്ങൾക്കുമറിയാം,
സൈനികരുടെ എണ്ണം വച്ച് നോക്കിയാൽ നമ്മൾ ചൈനക്ക് പിന്നിൽ രണ്ടാമത് വരുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ കരസേനയുടെ മുദ്രാവാക്യം…. ” Indian Army -service before self ” എന്നാണ്.
രാജ്യ സുരക്ഷയും ദേശീയ ഐക്യവും ഉറപ്പാക്കുക,
പുറത്തുനിന്നുള്ള കടന്നാക്രമണങ്ങൾ പ്രതിരോധിക്കുക,
ആഭ്യന്തര ഭീഷണികൾ തടയുക,
അതിർത്തികളിൽ സമാധാനവും സുരക്ഷയും നിലനിർത്തുകവഴി ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ പശ്ചാത്തലമൊരുക്കുക എന്നിവ നമ്മുടെ കരസേനയുടെ ദൗത്യങ്ങളിൽ ചിലത് മാത്രം. ഒരേസമയം എത്രയോ ഉത്തരവാദിത്തങ്ങൾ നിതാന്ത ജാഗ്രതയോടെ നിറവേറ്റുന്നുണ്ട് നമ്മുടെ രാജ്യത്തെ സൈനികർ.
ഇന്ന് ജനുവരി 15,
ഇന്ത്യൻ കരസേനാദിനം.
രാജ്യത്തിന്റെ കരസേനയുടെ ആദ്യ ഇന്ത്യൻ കമ്മാണ്ടർ ഇൻ ചീഫ് ആയി ഫീൽഡ് മാർഷൽ കോടന്ദേരാ എം കരിയപ്പാ ചുമതല ഏറ്റെടുത്ത 1949 ജനുവരി 15 ന്റെ ഓർമ്മയ്ക്കും, അദ്ദേഹത്തിനോടുള്ള ആദരവിന്റെ ഭാഗമായും എല്ലാവർഷവും ജനുവരി 15 കരസേനാ ദിനമായി ആചരിച്ചു വരുന്നു.
അവസാനത്തെ ബ്രിട്ടീഷ് കമ്മാണ്ടർ ഇൻ ചീഫ് സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
സ്വാതന്ത്ര്യം ലഭിച്ചശേഷവും രണ്ട് ബ്രിട്ടീഷുകാർ നമ്മുടെ കരസേനയുടെ മേധാവിമാരായി ഉണ്ടായിരുന്നു,
1947 ആഗസ്റ് 15 മുതൽ ഡിസംബർ 31 വരെ കരസേനാ മേധാവി ജനറൽ സർ റോബർട്ട് മക്ഗ്രെഗോർ മക്ഡോണൾഡ് ലോക്കർട്ട് ആയിരുന്നു, തുടർന്ന് ബുച്ചർ ജനുവരി 1 മുതൽ 1949 ജനുവരി 15 വരെ മേധാവിയായി.ഇദ്ദേഹത്തെ മാറ്റിയാണ് ഇന്ത്യക്കാരനായ ഒരാൾ മേധാവിയായി അവരോധിക്കപ്പെടുന്നത്.
കരിയപ്പാ സ്നേഹത്തോടെ വിളിക്കപ്പെട്ടത് കിപ്പർ എന്നായിരുന്നു.
അദ്ദേഹം 49 ആം വയസ്സിലാണ് ഇന്ത്യൻ കരസേനയുടെ കമ്മാണ്ടർ ഇൻ ചീഫ് ആയത്. ആ സ്ഥാനത്ത് കൃത്യം 4 വർഷം തുടർന്നു(1953 ജനുവരി 16 വരെ ).
രാജ്യം വിഭജിക്കപ്പെട്ട സമയം ഇന്ത്യ പാകിസ്ഥാൻ സൈന്യങ്ങൾക്കിടയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ധാരണ രൂപപ്പെടുവിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഇന്ത്യൻ സൈന്യങ്ങളുടെ പുനർ രൂപീകരണത്തിന് വേണ്ടിയുള്ള സബ് കമ്മിറ്റിയിൽ ആർമിയുടെ അംഗമായിരുന്നു അദ്ദേഹം.
ഇന്ത്യൻ കരസേന ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത് 1895 ഏപ്രിൽ ഒന്നിനാണ്.
പക്ഷെ ആദ്യ ഇന്ത്യക്കാരൻ മേധാവിയായത് 1949 ജനുവരി 15 ന് മാത്രവും. 1947 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ നമ്മുടെ കരസേനയെ നയിച്ചത് കരിയപ്പയാണ്. അദ്ദേഹം
1956 ൽ സേവനത്തിൽനിന്നും വിരമിച്ചു.1986 ജനുവരി 14 ന് ഇന്ത്യൻ ആർമിയിലെ ഉയർന്ന റാങ്ക് ആയ ഫീൽഡ് മാർഷൽ എന്ന പദവി നേടി. ഈ സ്ഥാനം കൈവരിക്കുന്ന രണ്ടാമത്തെയാൾ.
ഒന്നാമൻ ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയിരുന്നു 1973 ൽ.
ഫീൽഡ് മാർഷലിന്റെ 5 നക്ഷത്ര റാങ്കിലേക്ക് കരിയപ്പാ ഉയർത്തപ്പെട്ടു,
അദ്ദേഹത്തിന്റെ സേനയിലെ വിശിഷ്ട സേവനങ്ങൾ മാനിച്ചുകൊണ്ട്.
ആകെ 3 മില്ലിറ്ററി ഓഫീസർമാരാണ് ഇത്തരത്തിൽ ബഹുമാനിതരായത്,
മറ്റുള്ള രണ്ടുപേർ ഇന്ത്യൻ എയർ ഫോഴ്സ് മാർഷൽ അർജൻ സിംഗ്, ഫീൽഡ് മാർഷൽ സാം മനേക് ഷാ എന്നിവരാണ്.
യു എസ് പ്രസിഡന്റ് ആയിരുന്ന ഹാരി ട്രൂമാൻ Order of the Chief Commander of Legion of Merrit എന്ന പദവി സമ്മാനിച്ച എക്കാലത്തെയും ആദ്യ ഇന്ത്യൻ ഓഫീസർ കൂടിയാണ് കരിയപ്പാ.
കരസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി പരേഡുകൾ, സൈനിക പരിപാടികൾ, വാഹനങ്ങളുടെയും പടക്കോപ്പുകളുടെയും ആയുധങ്ങളുടെയും പ്രദർശനം, അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ അരങ്ങേറും.
രാജ്യതലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിൽ അമർ ജവാൻ ജ്യോതിയിലും എല്ലാ കരസേനാ ആസ്ഥാനങ്ങളിലും ഓഫീസുകളിലും വിവിധ ചടങ്ങുകൾ നടക്കും.
കൂടാതെ വിശിഷ്ടസേവനം നടത്തിയ സൈനികർക്കുള്ള അവാർഡുകൾ, ധീരതക്കുള്ള പുരസ്കാരങ്ങൾ, മെഡലുകൾ എന്നിവയുടെ വിതരണവും നടക്കും. കരസേനാ മേധാവിയാവും ഇവ വിതരണം ചെയ്യുക. പരം വീരചക്ര, അശോക് ചക്ര ജേതാക്കൾ പരേഡിൽ പങ്കെടുക്കും.
പരേഡ് നടക്കുന്ന ഡൽഹി കണ്ടോന്മെന്റ് ഗ്രൗണ്ടിൽ കരസേനാ മേധാവി അഭിവാദ്യം സ്വീകരിക്കുകയും, പരേഡ് പരിശോധിക്കുകയും ചെയ്യും. ഡൽഹിയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഗ്രൗണ്ടാണിത്.
2016 ഡിസംബറിൽ ഈ മൈതാനത്തിന് കരിയപ്പയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരിട്ടു. ആഘോഷങ്ങളുടെ ഭാഗമായി ആർമി ചീഫ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നൽകുന്ന വിരുന്നിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാർ, മുതിർന്ന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും.
ഭാരതീയരായ നാം സമാധാനമായി വീടുകളിൽ ഉറങ്ങുന്നുണ്ടെങ്കിൽ, ജാഗ്രത്തായ മനസ്സോടെ ഏകാഗ്രതയോടെ ജീവൻ തൃണവൽഗണിച്ച് രാപകലില്ലാതെ വെയിലും തണുപ്പും പ്രകൃതിയുടെ പ്രതികൂല സ്ഥിതീകൾ വകവെയ്ക്കാതെയും സൈനികർ കൃത്യനിർവഹണത്തിൽ ഏർപ്പെടുന്നതുകൊണ്ടാണ് എന്ന് അറിയേണ്ടതുണ്ട്. അവരുടെ ശ്രദ്ധയൊന്നു പാളിയാൽ, കണ്ണുകളിൽ ഉറക്കത്തിന്റെ ലാഞ്ചന ഉണ്ടായാൽ കടന്നാക്രമിക്കാൻ വെമ്പുന്ന ശത്രുക്കൾ അകലെയല്ലാതുണ്ട്. രാജ്യസേവനം അഥവാ ജനങ്ങളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കുന്ന മഹനീയ കർത്തവ്യം നിർവഹിക്കുന്ന സൈനിക വിഭാഗങ്ങളുടെ അതുല്യ സേവനം മറക്കാതിരിക്കാം. ഇന്ത്യൻ ജനതയ്ക്ക് കരസേനയെ മനസ്സിലാക്കാൻ ഉപയുക്തമായ ദിനമാണിന്ന്, ഒപ്പം നമ്മുടെ ആദ്യത്തെ കരസേനാ മേധാവിയുടെ സേവനങ്ങളും ഓർമ്മിക്കപ്പെടട്ടെ.