കോഴഞ്ചേരി: ആറന്മുള സുഗതവനം പദ്ധതി പശ്ചിമ ബംഗാള്‍ രാജ്ഭവനിന്റെ വിസ്തൃതമായ സ്ഥലത്ത നടപ്പിലാക്കുമെന്ന് ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ്. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് വിജയാനന്ദ വിദ്യാപീഠത്തില്‍ നടത്തിയ സുഗതവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മൃതി വനം എന്ന പദ്ധതി യാഥാര്ത്മായതില് സുഗതകുമാരിയുടെ പങ്ക് വിസ്മരിക്കാനാവില്ല. അത്യുദാത്ത കവി ഭാവനയുടെ പ്രതീകമായ സുഗതകുമാരി വാക്കും പ്രവര്‍ത്തിയും ഒരു പോലെ കാത്തു സൂക്ഷിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. വലിയ പൈതൃകങ്ങളുടെ സിരാ കേന്ദ്രമായിരുന്നു ആറന്മുളയെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അനശ്വര സന്ദശം നല്കികടന്ന് പോയ സ്ത്രീ രത്നമായിരുന്നു സുഗതകുമാരിയെന്ന് സുഗതവനം പ്രചാരണം പദ്ധതി ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാര്‍ കുര്യാക്കോസ് ക്ലീമീസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. അദ്ദേഹം വീട്ടില്‍ നിന്നും എത്തിച്ച ഈട്ടി തൈ പദ്ധതിയിലേക്ക്്് സമ്മാനിച്ചു. ആറന്മുളയുടെ ചരിത്രത്തില്‍ നിന്നും വിജയാനന്ദ സ്വാമിയെയും സുഗതകുമാരിയെയും ഒഴിച്ച് നിര്‍ത്താനാവില്ലന്ന് തിരുവനന്തപുരംശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് അഭിപ്രായപ്പെട്ടു.
സുഗതവനം പദ്ധതിക്കുളള ആദ്യ സംഭാവന കോയിപ്രം രാധാകൃഷ്ണന്
നായരില്‍ നിന്നും കുമ്മനം രാജശേഖരന് ഏറ്റു വാങ്ങി. സംവിധായകനും നടനുമായ വിജി തമ്പി, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ട്രസ്റ്റ് ചെയര്മാന് അജയകുമാര്‍ വല്യുഴത്തില്‍, പി.ആര്.ഷാജി എന്നിവര്‍ പ്രസംഗിച്ചു.