തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വാര്‍ഷിക കെട്ടിടനികുതി വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.ഇതുസംബന്ധിച്ച വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. വര്‍ഷം തോറും അഞ്ച് ശതമാനം വീതം കൂട്ടാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ 25 ശതമാനം എന്ന തോതിലാണ് നിലവില്‍ കെട്ടിടനികുതി വര്‍ധിപ്പിക്കുന്നത്. അവസാനം വര്‍ധിപ്പിച്ചത് 2011ലാണ്.
അഞ്ച് ശതമാനം വര്‍ധന പ്രാബല്യത്തിലാകുന്നതോടെ പഞ്ചായത്തുകളില്‍ ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ നികുതി 300 മുതല്‍ 800 രൂപ വരെയാകും. 2000 ചതുരശ്രയടി വീടിന് 585 മുതല്‍ 1500 രൂപ വരെയും. നഗരസഭകളില്‍ ആയിരം ചതുരശ്രയടി വീടിന് ഇത് 585 മുതല്‍ 1400 രൂപയിലേറെയായി വര്‍ധിക്കും. കോര്‍പറേഷനുകളില്‍ 800 രൂപമുതല്‍ രണ്ടായിരം രൂപവരെയാകും നിരക്ക്. പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവയില്‍ അടിസ്ഥാന നികുതിനിരക്ക് ഘടന വ്യത്യസ്തമാണ്.
ഇത് സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കും. അതാത് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളാണ് അടിസ്ഥാന നിരക്ക് ഏതുവേണമെന്ന് നിശ്ചിത പട്ടികയില്‍നിന്ന് തീരുമാനിക്കുന്നത്. പഞ്ചായത്തുകളില്‍ ചതുരശ്ര മീറ്ററിന് 38 രൂപ, നഗരസഭകളില്‍ 615 രൂപ, കോര്‍പറേഷനുകളില്‍ 820 രൂപ എന്നിങ്ങനെയാണ് നിലവിലെ അടിസ്ഥാനനികുതി നിരക്ക് ഘടന. അടിസ്ഥാന നികുതിയിലെ അഞ്ച് ശതമാനം വര്‍ധനക്കൊപ്പം വര്‍ധിച്ച തുകയുടെ അഞ്ച് ശതമാനം ലൈബ്രറി സെസ് കൂടി ചേരുമ്‌ബോള്‍ തുക വീണ്ടും ഉയരും.
ഇതോടൊപ്പം വരുമാന വര്‍ധന ലക്ഷ്യമിട്ട് കെട്ടിടങ്ങളിലെ അധിക നിര്‍മാണത്തിലും സര്‍ക്കാര്‍ കണ്ണു വച്ചിട്ടുണ്ട്. അധിക നിര്‍മാണം കണ്ടെത്തി നികുതി പുനര്‍നിര്‍ണയിക്കാനാണ് തീരുമാനം. വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ പലതിലും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നവയാണ്. കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ കൂടി അളവില്‍ ഉള്‍പ്പെടുത്തി നികുതി പുതുക്കേണ്ടതാണ്.
എന്നാല്‍, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയതിനുശേഷമുള്ള നിര്‍മിതി മിക്കവരും തദ്ദേശസ്ഥാപനങ്ങളില്‍ അറിയിക്കാറില്ല. ഇത്തരം അധിക നിര്‍മിതികള്‍കൂടി അളന്ന് വിസ്തീര്‍ണം കണക്കാക്കി കൂടിയ നികുതി ഈടാക്കും. 2700 കോടിയോളം രൂപയാണ് കെട്ടിട നികുതിയിലൂടെ ഖജനാവിലെത്തുന്നത്. അഞ്ച് ശതമാനം വര്‍ധനവഴി 130 കോടിയിലേറെ രൂപയുടെ വരുമാന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.