
അടൂര്‍: ഏറത്ത് സര്‍വീസ് സഹകരണ ബാങ്ക് യു.ഡി.എഫ് ഭരണസമിതിയെ കോറം നിലനില്‍ക്കെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
ജില്ലയിലെ നിരവധി യു.ഡി.എഫ് ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനത്തിന് സി.പി.എം. നേതൃത്വത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണിതെന്ന് സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്മാന് അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു.
നിയമവിരുദ്ധമായി കമ്മിറ്റി പിരിച്ചുവിടുന്നതിന് ശിപാര്‍ശ ചെയ്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഉടനെ തന്നെ കുത്സിത മാര്‍ഗത്തിലൂടെ നിരവധി ബാങ്കുകളുടെ ഭരണമാണ് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് സി.പി.എം ജില്ലയില്‍ പിടിച്ചെടുത്തത്. പിടിച്ചെടുക്കുന്ന ബാങ്ക് ഒന്നൊന്നായി സാമ്പത്തിക പ്രതിസന്ധി മൂലം തകര്‍ച്ച നേരിടുകയാണ്. നിക്ഷേപത്തുക പോലും മടക്കി കൊടുക്കാന്‍ എല്‍.ഡി.എഫ് ഭരണസമിതികള്‍ക്ക് കഴിയുന്നില്ല. അടൂര്‍ അര്‍ബന്‍ ബാങ്ക്, തിരുവല്ല ഈസ്റ്റ് സഹകരണബാങ്ക്, അങ്ങാടി ബാങ്ക്, കോട്ടാങ്ങല്‍ സര്‍വീസ് സഹകരണബാങ്ക്, മേലുകര ബാങ്ക് തുടങ്ങി 15 ഓളം സഹകരണ സംഘങ്ങളാണ് ജില്ലയ്ക്ക് പുറത്തുനിന്നും വ്യാജമായി വോട്ടര്‍മാരെ കൊണ്ടു
വന്ന് സഹകരണ ഉദ്യോഗസ്ഥന്മാരുടെ പിന്‍ബലത്തോടെ ഭരണസമിതികള്‍ സി.പി.എം. പിടിച്ചെടുത്തത്.
ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് സഹകരണ വകുപ്പിലെ കുറേ ഉദ്യോഗസ്ഥന്മാരാണ്. നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയിലും ലോകായുക്ത കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ജില്ലയില്‍ നടക്കുന്ന ബാങ്കുകളുടെ പിടിച്ചെടുക്കലിനും ഭരണസമിതി പിരിച്ചുവിടലിനും നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതാണെന്ന് അഡ്വ. കെ. ജയവര്‍മ പറഞ്ഞു.