പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്തെ തുടിയുരുളിപ്പാറയിലെ ക്വാറി പ്രവർത്തനം പുനരാരംഭിക്കുന്നതിന് അനുകൂലമായി നിലപാടെടുത്ത നേതാക്കൾക്കെതിരേ സിപിഎമ്മിൽ പൊട്ടിത്തെറി. ഖനനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു നടന്ന യോഗത്തിൽ സിപിഎം സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാം പങ്കെടുത്തതോടെയാണ് വിവാദം രൂക്ഷമായത്. ഖനാനുമതിയെ പിന്തുണയ്ക്കാനുള്ള പാർട്ടി നീക്കത്തിൽ പ്രതിഷേധിച്ച് വള്ളിക്കോട് മേഖലയിലെ ഒരു ലോക്കൽ സെക്രട്ടറിയും നാല് ബ്രാഞ്ച് സെക്രട്ടറിമാരും മേൽഘടകങ്ങൾക്ക് രാജിക്കത്ത് നൽകി. പാർട്ടി കീഴ്വഴക്കം അനുസരിച്ച് രാജിവയ്ക്കുന്ന രീതി ഇല്ലാത്തതിനാൽ തങ്ങളെ പാർട്ടിയിൽ നിന്നു പുറത്താക്കുകയോ നടപടിയെടുത്ത് മാറ്റി നിർത്തുകയോ വേണമെന്നാണ് കത്തിലെ ആവശ്യം. ബ്രാഞ്ച് സെക്രട്ടറിമാർക്ക് പിന്തുണയുമായി അന്പതോളം പാർട്ടി പ്രവർത്തകരും പാർട്ടി വിടാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
വി.കോട്ടയം അന്തിച്ചന്ത, അന്തിച്ചന്ത ബി, എൽപി സ്കൂൾ, ഇളപ്പുപാറ ബ്രാഞ്ച് കമ്മിറ്റിയിൽ പെട്ടവരാണ് പാർട്ടി നേതൃത്വത്തെ പരസ്യമായി പ്രതിഷേധം അറിയിച്ചത്. വി. കോട്ടയത്തെ പാർട്ടി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉയർത്തിയ വിഷയം കഴിഞ്ഞ ദിവസം കൂടിയ കോന്നി ഏരിയാ കമ്മിറ്റിയും ചർച്ച ചെയ്തതായി പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കൂടി പങ്കെടുത്ത യോഗമായിരുന്നുവെങ്കിലും അംഗങ്ങളുടെ അഭിപ്രായം കേട്ടതല്ലാതെ ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു അഭിപ്രായം നേതൃത്വം രേഖപ്പെടുത്തിയിട്ടില്ല.
ഖനനത്തെ പിന്തുണച്ചത് നിർമാണ മേഖല
നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി യൂണിയനുകളാണ് തുടിയുരുളിപ്പാറയിലെ ഖനാനുമതിക്കുവേണ്ടി സമരം ചെയ്തത്. ഇത്തരം യൂണിയനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളെന്ന നിലയിലാണ് സംസ്ഥാന സമിതിയംഗം കൂടിയായ മുൻ എംഎൽഎ രാജു ഏബ്രഹാം പങ്കെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രമാടം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലാണ് തുടിയുരുളിപ്പാറ സ്ഥിതി ചെയ്യുന്നത്.
സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ എതിർപ്പു മറികടന്നാണ് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച യോഗത്തിൽ രാജു ഏബ്രഹാം പങ്കെടുത്തെന്ന് മറുവിഭാഗം പറയുന്നു. തുടിയുരുളപ്പാറയിൽ ഖനാനുമതി നൽകാനുള്ള നീക്കത്തിൽ പ്രാദേശിക തലത്തിൽ എതിർപ്പുകൾ ശക്തമായിരിക്കേ സംസ്ഥാന സമിതിയംഗം ക്വാറി അനുകൂല സമരത്തിൽ പങ്കെടുക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് പ്രാദേശിക ഘടകത്തിനുണ്ടായിരുന്നത്. ഇക്കാര്യം അവർ ഉപരി കമ്മിറ്റിയെ അറിയിച്ചിരുന്നു. വള്ളിക്കോട് – കോട്ടയം ലോക്കൽ കമ്മിറ്റിയുടെ നിലപാട് കോന്നി ഏരിയാ കമ്മിറ്റിയിൽ ചർച്ചയ്ക്കുമെത്തി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ഖനനങ്ങൾക്കെതിരേ വ്യാപക പ്രചാരണം നടത്തിവരുന്ന ഘട്ടത്തിൽ വി. കോട്ടയത്ത് മറിച്ചൊരു നിലപാട് സ്വീകരിക്കാൻ തങ്ങൾക്കാകില്ലെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു.