അജോ കുറ്റിക്കന്‍
ഇടുക്കി: ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കവര്‍ പാലുകള്‍ സംസ്ഥാനത്ത് സുലഭം. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൊണ്ട് വരുന്ന പാലിന്റെ വിപണനം കേരളത്തില്‍ പൊടിപൊടിക്കുകയാണ്.
സ്വന്തമായി ഫാം ഹൗസുകളോ പാല് സംഭരണ കേന്ദ്രങ്ങളോ കേരളത്തില്‍ ഇവര്‍ക്കില്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കവര്‍ പാലുകളുടെ ഉറവിടമോ ഗുണനിലവാരമോ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പോ, അനുബന്ധ അധികൃതരോ തയാറാകുന്നില്ലെന്നതാണ് ആക്ഷേപം.
തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ പാലാണ് പ്രതിദിനമെത്തുന്നത്. ഫോര്‍മാലിനടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത പാല് എത്തുന്നതിന് നിരോധനവും നിയന്ത്രണവുമുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെയാണ് അതിര്‍ത്തി കടന്നുള്ള പാലൊഴുക്ക്. ചെക്ക്പോസ്റ്റില്‍ ആവശ്യത്തിന് പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതാണ് അതിര്‍ത്തി കടന്നുള്ള പാല് കടത്തല്‍ നിര്‍ബാധം തുടരാന്‍ കാരണം.പുലര്‍ച്ചെ തുറക്കുന്ന കടകളിലാണ് ഇത്തരത്തിലുള്ള പാല് കൂടുതലും വിറ്റഴിക്കപ്പെടുന്നത്.കൊഴുപ്പ് കൂടിയതിനാലും മില്‍മയെ അപേക്ഷിച്ച് കമ്മിഷനും മറ്റും കിട്ടുന്നതിനാലുമാണ് കേരളത്തില്‍ തമിഴ്നാട് പാല് വ്യാപകമായി വിറ്റഴിക്കാന്‍ കാരണം. സംഭരണ കേന്ദ്രങ്ങളില്‍നിന്നോ മില്‍മപോലുള്ള അംഗീകൃത ഏജന്‍സികളില്‍നിന്നോ പാല് വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഇത്തരം മാഫിയകള്‍ മുതലാക്കുന്നത്.
ഗുണമേന്മയുള്ള പാലില്‍ മൂന്ന് ശതമാനം കൊഴുപ്പ് വേണം.അതിനൊപ്പം പ്രോട്ടീന്‍, ലാക്ട്രോസ്, മറ്റ് ധാതുലവണാംശങ്ങളടക്കം ഖരപദാര്‍ത്ഥങ്ങളുടെ അളവ് 8.5 ശതമാനവും വേണമെന്നാണ് ക്വാളിറ്റി കണ്ട്രോളര് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ സ്വകാര്യ ഡയറികളില്‍ നിന്നും വരുന്ന പാലുകളില്‍ പലതിലും ഈ ഗുണനിലവാരം ഉണ്ടാകാറില്ലെന്നും പറയപ്പെടുന്നു. അതിര്‍ത്തി കടന്നെത്തുന്ന പാലില്‍ വ്യാപകമായ അളവില്‍ ഫോര്‍മാലിനടക്കമുള്ള രാസവസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെങ്കിലും സര്‍ക്കാര്‍ തലത്തില്‍ കടുത്ത നടപടികളില്ലാത്തതാണ് പാല് കടത്തലിന് കാരണം.