ഇലവുംതിട്ട: സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ചേര്‍ന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് കളക്ഷന്‍ സംഘം വീടു കയറി സ്ത്രീകളെ ആക്രമിച്ചുവെന്ന് പറയുന്നു. കളക്ഷന്‍ ഏജന്റായ യുവതി അടക്കം അഞ്ചു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ഏഴു മണിയോടെ മെഴുവേലി സൂര്യേന്ദു വീട്ടില്‍ രാജുവിന്റെ ഭാര്യ ജെയിനിക്കും പെണ്മക്കള്ക്കും നേരെയാണ് ആക്രമണം നടന്നത്.
ബി.എഫ്.ഐ.എല്‍ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ നിന്നും ജെയ്നി അടക്കമുള്ള അഞ്ചംഗ സംഘം ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് നടത്തിയിരുന്നത് ജെയ്നിയായിരുന്നു. എല്ലാ ചൊവ്വാഴ്ചയും 10,000 രൂപ വീതം കമ്പനിക്ക് തിരിച്ച് അടയ്ക്കണം. ഇതിന്റെ തവണ പിരിക്കാന്‍ വരുന്നത് മാവേലിക്കര സ്വദേശിയായ വിനീതയാണ്. ഇന്നലെ തന്റെ കൈവശം പണം തികയാത്തതിനാല്‍ തവണയെടുക്കാന് വരേണ്ടെന്ന് വൈകിട്ട് അഞ്ചു മണിയോടെ വിനീതയെ അറിയിച്ചിരുന്നുവെന്ന് ജെയിനി പറയുന്നു.
ഇന്ന് പണം കൊടുക്കാമെന്നും പറഞ്ഞു. ഇത് കേള്‍ക്കാതെ ആറരയോടെ വീട്ടില്‍ വന്ന ശേഷം വിനീത തന്നെ വിളിച്ചു. താന്‍ സ്ഥലത്തില്ലെന്നും പണം നല്കാന് ഒരു മാര്‍ഗവുമില്ലെന്നും പറഞ്ഞു. അല്‍പ്പ സമയത്തിനകം ബ്രാഞ്ച് മാനേജര്‍ ശ്രീകാന്തും മറ്റു മൂന്നു യുവാക്കളും ചേര്‍ന്ന് വീട്ടിലെത്തി. തനിച്ചായിരുന്ന തന്റെ പെണ്മക്കളെ ഭീഷണിപ്പെടുത്തി. അവര്‍ ഭയന്ന് തന്നെ വിളിച്ചു. ഇതിനിടെ വീട്ടിനുള്ളില്‍ സംഘം അക്രമം നടത്തുകയും ചെയ്തു. താന്‍ വീട്ടിലെത്തിയപ്പോള്‍ പണം കിട്ടാതെ പോകില്ലെന്നും കുത്തിയിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. വളരെ മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഭീഷണി വര്‍ധിച്ചപ്പോള്‍ വാര്‍ഡ് അംഗം ഡി. ബിനുവിനെ വിളിച്ചു വരുത്തി. അദ്ദേഹം വന്ന് പണം നാളെ തരാമെന്ന് പറഞ്ഞുവെങ്കിലും അവര്‍ കേള്‍ക്കാന്‍ തയാറായില്ല.
തുടര്‍ന്ന് അദ്ദേഹത്തെയും അസഭ്യം വിളിച്ചു. ഇതോടെ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്ത് കൂടി. പോലീസിലും വിവരം അറിയിച്ചു. സംഘാംഗങ്ങളെ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ജെയിനിയുടെ പരാതിയിന്മേല് കേസ് എടുക്കുകയായിരുന്നു. അതേ സമയം, പണം പിരിക്കാന്‍ വന്ന തങ്ങളെ വീട്ടിലുള്ളവര്‍ അസഭ്യം വിളിക്കുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പോലീസനോട് കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞത്.