പത്തനംതിട്ട: ശബരിമലയിലെ തിരക്കിനിടയില്‍ കൂട്ടംതെറ്റി വീണു പരുക്കേറ്റ വയോധികന് ഉറ്റവരെ തിരിച്ചു കിട്ടിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം. പോണ്ടിച്ചേരി മീരാസാഹിബ് തെരുവില്‍ തുമ്മരുപാളയം സ്വദേശി നടരാജന്‍ (75) മകനും മരുമകനും അടങ്ങുന്ന ഇരുപതംഗ സംഘത്തിനൊപ്പമാണ് ശബരിമലയില്‍ എത്തിയത്. കഴിഞ്ഞ എട്ടിന് ശബരിമലയില്‍ വച്ച് കൂട്ടം തെറ്റി. യാത്രയ്ക്കിടയില്‍ മകന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായി. ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്‍കുന്നതിന് മകനും മരുമകനും പോയി. ശേഷിച്ച സംഘാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന നടരാജന്‍ മുന്നോട്ടു നടന്നു. കൂട്ടംതെറ്റിപ്പോവുക മാത്രമല്ല മറിഞ്ഞ് വീണ് ബോധക്ഷയം സംഭവിക്കുകയും ചെയ്തു.
അവിടെ ഉണ്ടായിരുന്ന തീര്‍ഥാടകര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടു വന്നു. നടരാജന്‍ വീണതും കൂട്ടം തെറ്റിപ്പോയതുമൊന്നും കൂടെയുളളവര്‍ ആദ്യം അറിഞ്ഞില്ല. മകനും മരുമകനും മടങ്ങിയെത്തി ഇദ്ദേഹത്തിന് വേണ്ടി തെരച്ചില്‍ തുടങ്ങി. സന്നിധാനം, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലെല്ലാം തെരച്ചില്‍ തുടങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന നടരാജന്‍ ചൊവ്വാഴ്ചയോടെ സുഖം പ്രാപിച്ചു. ഇദ്ദേഹത്തെ തിരികെ നാട്ടിലേക്ക് വിടാന്‍ ആര്‍.എം.ഓ ഡോ. ആശിഷ് മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചു. ജീവനക്കാര്‍ തന്നെ പണം പിരിച്ച് കൊടുത്ത് വിടുന്നതിന് വേണ്ടിയായിരുന്നു ശ്രമം.
യാദൃശ്ചികമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡി.വൈ.എഫ്.ഐ
ഹെല്പ് ഡെസ്‌കില്‍ നിന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് കമ്മറ്റി സെക്രട്ടറിയുമായ സൂരജ് എസ് പിള്ള, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി വിഷ്ണു വിക്രമന്‍ എന്നിവര്‍ ശബരിമല വാര്‍ഡില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണപ്പൊതിയുമായി എത്തിയപ്പോള്‍ആര്‍.എം.ഓ നടരാജനെ പറ്റി പറയുകയായിരുന്നു. തുടര്‍ന്ന് സൂരജ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
കഴിഞ്ഞ ദിവസം റാന്നിയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സൂരജിന്റെ കൈവശം ഉണ്ടായിരുന്നു. അവരെ ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പോണ്ടിച്ചേരി സംസ്ഥാന സെക്രട്ടറിയുടെ നമ്പര്‍ സംഘടിപ്പിച്ചു. അതിന് ശേഷം അദ്ദേഹത്തെ വിളിച്ച് നടരാജന്‍ പറഞ്ഞ വിലാസം കൊടുത്തു. അത് അവ്യക്തമായതിനാല്‍ നേരിട്ട് നടരാജനുമായി സംസാരിപ്പിച്ചു. അതിന്‍ പ്രകാരം സെക്രട്ടറി നടരാജന്റെ വീട് കണ്ടുപിടിച്ചു. അവിടെ ചെന്ന് വീഡിയോ കാള്‍ വിളിച്ച് ബന്ധുക്കളെ കാണിച്ചു കൊടുത്തു. ശബരിമലയില്‍ നടരാജന് വേണ്ടി തെരച്ചില്‍ നടത്തുന്ന മകന്റെ നമ്പറും കൈമാറി. പിതാവ് പത്തനംതിട്ട ആശുപത്രിയില്‍ ഉണ്ടെന്ന വിവരവും കൈമാറി.
ഇവര്‍ ഇന്നലെ രാത്രി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി നടരാജനെ കൂട്ടിക്കൊണ്ടു പോയി. പിതാവിനെ തിരിച്ചു നല്‍കാന്‍ ഇടയാക്കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നന്ദിയും സ്‌നേഹവും ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് നടരാജന്റെ മകന്‍ ശശികുമാര്‍ ചെങ്ങന്നൂരിന് വണ്ടി കയറിയത്.