അബുദബി: സുരക്ഷിതമായ യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അനധികൃത ടാക്സികള്‍ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍.
സ്വന്തം വാഹനത്തിലും അതല്ലെങ്കില്‍ പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, ടാക്സി, എയര്‍പോര്‍ട്ട് ടാക്സി, ഷട്ടില്‍ സര്‍വിസ്, സിറ്റി ബസ് സര്‍വിസ് എന്നിവയിലും യാത്ര ചെയ്യണം. എയര്‍പോര്‍ട്ട്, ജോലിസ്ഥലം, താമസ മേഖലകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരാന്‍ അനധികൃത ടാക്സി ഉപയോഗിക്കരുത്.
കോവിഡ് നിബന്ധനകള്‍ ഒഴിവാക്കിയതോടെ അബുദബിയില്‍ ഷഹാമ, ബനിയാസ്, സിറ്റി ബസ് ടെര്‍മിനല്‍, മുസഫ ബസ് സ്റ്റാന്‍ഡ്, ദുബൈ, അല്‍ അഐന്‍ മേഖലകളിലേക്ക് നിരവധി ബസുകള്‍ നിശ്ചിത സമയങ്ങളിലായി സര്‍വിസ് നടത്തുന്നുണ്ട്. ഇത്തിഹാദ് എയര്‍വേസ് യാത്രക്കാരെ എത്തിക്കാന്‍ ദുബൈ, അല്‍ഐന്‍ എമിറേറ്റുകളിലേക്കും തിരിച്ചും എയര്‍ലൈന്‍ ടാക്സിയുമുണ്ട്. ദുബൈ ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും അബൂദബി, മുസഫ ബസ് ടെര്‍മിനലുകളില്‍നിന്ന് സര്‍വിസുണ്ട്. എയര്‍പോര്‍ട്ട് ടാക്സിയും ലഭ്യമാണ്.
അനധികൃത ടാക്സി സര്‍വിസുകള്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദബി പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപുറമേ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റ് ചുമത്തുകയും ചെയ്യും. അനധികൃത ടാക്സി സര്‍വിസുകളുമായി സഹകരിക്കുന്നതുമൂലം യാത്രികര്ക്കുണ്ടാവുന്ന സുരക്ഷ ഭീഷണിയെക്കുറിച്ചും അപകടത്തെക്കുറിച്ചും പൊലീസ് താമസക്കാരെ ബോധവത്കരിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോകരുതെന്ന് സ്വകാര്യ വാഹന ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. അബുദബിയുടെ വിവിധ മേഖലകളില്‍ സര്‍വിസ് നടത്തിയിരുന്ന ആയിരക്കണക്കിന് വ്യാജ ടാക്സി വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. രഹസ്യ പൊലീസാണ് വാഹനങ്ങള്‍ പിടികൂടുന്നത്.