പത്തനംതിട്ട: അഴിമതിയാരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ എസ്.എസ്.കെ (സമഗ്രശിക്ഷ കേരളം) താല്‍ക്കാലിക പ്രോജക്ട് എന്‍ജിനീയര്‍ക്ക് അതേ തസ്തികയില്‍ നിയമനം നല്‍കാനുള്ള ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സാമുദായിക ഇടപെടലിന് മുന്നില്‍ സര്‍ക്കാര്‍ തലകുനിച്ചുവെന്നും ആക്ഷേപം ശക്തമായിരിക്കുകയാണ്.
തിരുവല്ലയിലുള്ള ജില്ലാ പ്രോജക്ട് ഓഫീസില്‍ താത്കാലിക ചുമതല വഹിച്ചിരുന്ന കാലയളവില്‍ ഇവര്‍ നടത്തിയ ക്രമക്കേടുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. 2019 ഒകേ്ടാബര്‍ 28 ന് വിജിലന്‍സ് സംഘം ഇതിന്റെ പേരില്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ വ്യാപക അഴിമതി കണ്ടെത്തുകയും ചെയ്തിരുന്നു. തിരുവല്ല ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ കെട്ടിടം പണിയുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഇവരെ തസ്തികയില്‍ നിന്നും നീക്കം ചെയ്യണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിക്കുന്നതിലാണ് അഴിമതി കണ്ടെത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍പ്പോലും 50,000 രൂപയില്‍ മുകളിലുള്ള വര്‍ക്കുകള്‍ ഇ ടെണ്ടര്‍ മുഖേന നടപ്പിലാക്കുമ്പോള്‍ ഇവിടെ അത് നടന്നില്ല. 35 ലക്ഷം രൂപയുടെ അടങ്കല്‍ തുക വരുന്ന പ്രവൃത്തിക്ക് ടെണ്ടര്‍ വിളിക്കാതെ ഗുണഭോക്തൃസമിതിയെ ഉപയോഗിച്ച് പുറം കരാറുകാരനെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. തന്നെയുമല്ല, 35 ലക്ഷം രൂപ അടങ്കലുള്ള പ്രവൃത്തിയുടെ അഡ്വാന്‍സ് തുകയായ നാല്‍പ്പത് ശതമാനം അനുവദിച്ചത് എം ബുക്കില്‍ രേഖപ്പെടുത്തിയില്ല. ഇത് പരിശോധിക്കാതെ സെക്കന്‍ഡ് ഇന്‍സ്റ്റാള്‍മെന്റ് ഫണ്ട് ആയ നാല്‍പ്പത് ശതമാനം കൂടി അനുവദിക്കുന്നതിന് ഫസ്റ്റ് സ്‌റ്റേജ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. ഇവരുടെ കാലത്ത് ഓഫീസ് കണക്കുകളില്‍ ആവശ്യമായ ഓഡിറ്റും നടത്തിയിരുന്നില്ല. ഇവരെയാണ് വീണ്ടും അതേ സ്ഥാനത്ത് അവരോധിക്കാനുള്ള ശ്രമം നടക്കുന്നത്. അതിന് വേണ്ടി സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കണ്ടെത്തിയ മാര്‍ഗങ്ങളാണ് വിചിത്രം.
എന്‍ജിനീയറുടെ പ്രവൃത്തി കൊണ്ട് എസ്.എസ്.കെയ്ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായില്ലെന്നാണ് ഡയറക്ടറുടെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടില്ലെന്നും പറയുന്നു. ഇനിയൊരു ജോലി ലഭിക്കുന്നതിനുള്ള പ്രായ പരിധി കഴിഞ്ഞുവെന്നും കുടുംബത്തിലെ സാഹചര്യം കണക്കിലെടുത്തും ജില്ലാ പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പുനര്‍നിയമനം നല്‍കണമെന്നുമാണ് ഉത്തരവ്. നിലവില്‍ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ ഓഫീസിലും ബി.ആര്‍.സിയിലും ഉണ്ടാകുന്ന ഒഴിവിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക നിയമനം നടത്തുകയോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പുനര്‍ വിന്യാസം നടത്തി നിയമിക്കുകയോ ചെയ്യണമെന്ന വിജിലന്‍സ് നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. ഇവരെ ഇതേ തസ്തികയില്‍ കൊണ്ടുവന്നാല്‍ എസ്.എസ്.കെയുടെ ഓഫീസ് വീണ്ടും അഴിമതിയുടെ അരങ്ങായി മാറുമെന്നാണ് ആരോപണം.