പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷനിലെ ഉപ്പേരി നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. അഗ്നിബാധ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ടു തവണ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വന്‍ ശബ്ദത്തോടെ നടന്ന സ്‌ഫോടനത്തില്‍ നിന്ന് നാട്ടുകാരനും ഫയര്‍ഫോഴ്‌സ് ജീവനക്കാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
തിരക്കേറിയ സെന്‍ട്രല്‍ ജങ്ഷനിലെ എ വണ്‍ ചിപ്‌സ് സെന്ററില്‍ ഉച്ചയ്ക്ക് 1.45 നാണ് ചെറിയ തോതില്‍ അഗ്നിബാധ ഉണ്ടായത്. ഇത് നേരെ കടയുടെ ബോര്‍ഡിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും പടര്‍ന്നു. വിവരമറിഞ്ഞ് തൊട്ടടുത്ത് കണ്ണങ്കരയില്‍ നിന്ന് പാഞ്ഞു വന്ന ഫയഫോഴ്‌സ് വാഹനം വെള്ളം ചീറ്റി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. ഇതിനോടകം പ്രധാന നിരത്തില്‍ നിന്ന് ആള്‍ക്കാരെയും വാഹനങ്ങളും ഒഴിപ്പിച്ചിരുന്നു. രണ്ട് ഫയര്‍മാന്മാര്‍ കടയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് റോക്കറ്റ് പോലെ വെളിയിലേക്ക് വന്നത്. റോഡില്‍ ഒന്നു കുത്തി ഉയര്‍ന്ന സിലിണ്ടര്‍ റോക്കറ്റ് പോലെ മറുവശത്തെ കടയുടെ ഭാഗത്തേക്ക് തെറിച്ചു. വീണ്ടും ചെറിയ തോതില്‍ സ്‌ഫോടനം നടന്നു.
ഹോട്ടലും ചിപ്പസ് കടയും അടക്കം മൂന്നോളം കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് ഭാഗികമായി തീ പടര്‍ന്നു. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. വന്‍ഗതാഗത കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ജങ്ഷന്‍ വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടു. ഒരു ഹോട്ടലും ഒരു ബേക്കറിയും ഒരു മൊബൈല്‍ കടയുമാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ബേക്കറിയില്‍ ചിപ്‌സ് നിര്‍മ്മാണത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ആര്‍ക്കും പരുക്കേറ്റിട്ടില്ല.