അടൂര്‍: പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഏഴു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കല്‍ പാലക്കല്‍ ആയിരക്കുഴി പാലവിളയില്‍ പുത്തന്‍ വീട്ടില്‍ പ്രശാന്താ(35)ണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങിയത്. 2016 ലാണ് കേസിനാസ്പദമായ സംഭവം.
അടൂര്‍ സ്വദേശിയായ പെണ്‍കുട്ടി സഹോദരന്റെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ കഴിയുമ്പോഴാണ് പ്രതിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയമായി. ഫോണ്‍ മുഖേനെ ബന്ധം തുടര്‍ന്നുവന്ന പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി.
2016 മുതല്‍ വിവിധ പോലീസ് സംഘങ്ങള്‍, സൈബര്‍സെല്ലിന്റെ സഹായത്തോടെ കാര്യക്ഷമമായ അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും സ്വദേശമായ കടയ്ക്കലിലും മുമ്പ് ജോലി ചെയ്ത മടത്തറ, അഞ്ചല്‍, ബാലരാമപുരം, പത്തനംതിട്ട , കുളത്തൂപ്പുഴ എന്നിവിടങ്ങളിലും ദിവസങ്ങളോളം താമസിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളേയും നിരീക്ഷിച്ചെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇയാളുമായി നേരത്തെ ബന്ധമുണ്ടായിരുന്ന ചില സ്ത്രീകളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുകയുണ്ടായി.
പതിനായിരത്തോളം ഫോണ്‍ കോള്‍ വിശദാംശങ്ങളും നിരവധി ഫേസ്ബുക് അകൗണ്ടുകളും പോലീസ് പരിശോധിച്ചു. 2017ല്‍ എറണാകുളത്ത് കുറച്ചുനാള്‍ വാടകക്ക് താമസിച്ചിരുന്നതായി വിവരം ലഭിച്ച പോലീസ് മാസങ്ങളോളം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. 2020ല്‍ കുന്നത്തുനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പഴന്തോട്ടം പുത്തന്‍കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയിരുന്ന വിവരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ആലുവയില്‍ കണ്ടതായിട്ടുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി വരവേ എറണാകുളം, തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാഴക്കുളത്ത് കണ്ടതായറിഞ്ഞ് അവിടെയെത്തി അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിക്കുകയും അരുണ്‍ എന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2016 ല്‍ സംഭവശേഷം ഒളിവില്‍ പോയ പ്രതി പെരുമ്പാവൂരിലെത്തുകയും അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും ഇവര്‍ക്കൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ഇടുക്കി, തൃശൂര്‍, അങ്കമാലി, എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. എറണാകുളം കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്നയാളുടെ തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസവും ഉപയോഗിച്ചായിരുന്നു പ്രതി ഒളിവില്‍ കഴിഞ്ഞത്. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് റ്റി ഡി, എസ് ഐ മനീഷ്.എം, സി പി ഓമാരായ സൂരജ്.ആര്‍.കുറുപ്, ജോബിന്‍ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.