
പത്തനംതിട്ട: നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെയും പൊട്ടിത്തെറിയുടെയും പശ്ചാത്തലത്തില്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ കടകളില്‍
പരിശോധനയും നടപടിയും ആരംഭിച്ചു. നഗരസഭയിലെ എന്‍ജിനീയറിജ്, റവന്യൂ, ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം നഗരത്തില്‍ തീപിടുത്തത്തിന് ഇടയാക്കിയ കടയില്‍ അപകടകരമായ രീതിയിലാണ് പാചകം ചെയ്തിരുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലവസ്ഥയും കടകള്‍ക്ക് മുന്നിലേക്കിറക്കി സ്ഥാപിക്കുന്ന പാചക സംവിധാനങ്ങളും വന്‍ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇറക്കുകള്‍, ബോര്‍ഡുകള്‍ ഉള്‍പ്പടെ എല്ലാ സാധനങ്ങളും നീക്കം ചെയ്യാനുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭാ ഓഫീസ് മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളില്‍ ആദ്യഘട്ട പരിശോധന നടത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടും നിയമ ലംഘനം തുടര്‍ന്ന സ്ഥാപനങ്ങളില്‍ തത്സമയം നടപടി സ്വീകരിച്ചു. മറ്റുള്ളവയ്ക്ക് ഉടനടി നോട്ടീസ് നല്‍കും.
സാങ്കേതികമായ നിയമലംഘനത്തിനപ്പുറം അപകടസാധ്യതകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം ഇതിനായി പരിശോധനകളും നടപടികളും തുടരാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നും ചെയര്‍മാന്‍ അഡ്വ.റ്റി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ എസ്, ജില്ല ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗണ്‍സിലമാരായ എ അഷറഫ്, സുമേഷ് ബാബു, നഗരസഭാ സെക്രട്ടറി ഷെര്‍ല ബീഗം, എഞ്ചിനീയര്‍ സുധീര്‍രാജ് ജെ, റവന്യൂ ഓഫീസര്‍ അജിത്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ് എം പി തുടങ്ങിയവര്‍ പങ്കെടുത്തു.