തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കാലി. മത്സരത്തിന് കാണികള്‍ എത്താത്തിനെ ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്തു വന്നു. വിവാദങ്ങള്‍ കാരണമല്ല കാണികള്‍ കുറഞ്ഞതെന്നും കാര്യവട്ടം ഏകദിനത്തില്‍ വിനോദ നികുതി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെന്നും ആര്യ പറഞ്ഞു.
പരമ്പര ഇന്ത്യ നേരത്തെ നേടിയതും ഏകദിന മത്സരമായതും കാണികളുടെ എണ്ണത്തെ ബാധിച്ചു. നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. 40,000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റു പോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ശബരിമല മകരവിളക്ക്, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു. കാണികള്‍ക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിവാദങ്ങള്‍ ടിക്കറ്റ് വില്‍പനയെ ബാധിച്ചിട്ടില്ല. വരും മല്‍സരങ്ങള്‍ കാര്യവട്ടത്തെത്താന്‍ കാണികളുടെ എണ്ണം തടസമാകില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പ്രതികരിച്ചത്. കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും (18 ശതമാനം ജിഎസ്ടി, 12ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18 ശതമാനം ജിഎസ്ടി, 12 ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തില്‍ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സര്‍ക്കാര്‍ 12 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ അധികമായി നല്‍കേണ്ടിവരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉള്‍പ്പെടുമ്‌ബോള്‍ ആകെ നികുതി 30% ആയി ഉയരും. കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20യില്‍ നികുതി ഉള്‍പ്പെടെ 1500ഉം 2750ഉും രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധന കൊണ്ട് കാണികള്‍ക്ക് അധിക ഭാരമില്ലെന്നാണ് കായിക മന്ത്രി പറഞ്ഞത്.