
ഇലന്തൂര്‍: സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്നവരില്‍ നിന്ന് പണം ഈടാക്കാനുള്ള നൂതന വിദ്യ തിരിച്ചടിക്കുന്നു. കാശ് തരാനുള്ളവരുടെ പേരെഴുതയ ഫ്‌ളക്‌സ്
ബോര്‍ഡ് കവലകള്‍ തോറും സ്ഥാപിച്ച് നാറ്റിക്കാനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്.
പരിയാരം സര്‍വീസ് സഹകരണ ബാങ്കാണ് വായ്പാ കുടിശികക്കാരുടെ പേര് വിവരങ്ങള്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് കവലകളില്‍ പ്രദര്‍ശിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ബാങ്ക് അധികൃതര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു.
വായ്പക്കാരെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ പരിയാരം സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ നടത്തിയ നീക്കമാണ് വിവാദത്തിലായത്. വായ്പാ കുടിശിക വരുത്തിയവരുടെ പേരും വിലാസവും, ഈടാക്കാനുള്ള തുകയും. ജാമ്യ വിവരങ്ങളുമടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ബാങ്കിന്റെ പരിധിയില്‍ വരുന്ന ആറോളം കവലകളില്‍ സ്ഥാപിക്കുകയായിരുന്നു.
സര്‍ക്കാരുകള്‍ പോലും കടം എടുത്ത് ഭരണം നടത്തുന്ന കാലത്ത്, ഇത്തരത്തില്‍ വായ്പക്കാരെ അപമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പിഎം ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. സി.പി.എം ഒറ്റയ്ക്ക് ഭരിക്കുന്ന പരിയാരം സര്‍വീസ് സഹകരണ ബാങ്ക് അധികൃതരുടെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ നീക്കം ചെയ്യുകയായിരുന്നു.