പ്രഥമ വനിതാ അണ്ടര്‍ 19 ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകര്‍ത്തു. 2007 ലെ പ്രഥമ ട്വന്റി 20 ലോക കിരീടം നേടിയ ധോണിയുടെ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് സീനിയര്‍ ടീമിലും ഉള്ള ഷെഫാലി വര്‍മ.
ഏകപക്ഷീയ വിജയമാണ് ഫൈനല്‍ പോരാട്ടത്തിലും ഇന്ത്യയുടെ പെണ്‍പുലികള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ വെറും 68 റണ്‍സില്‍ ചുരുക്കികെട്ടിയ ഇന്ത്യ 69 റണ്‍സിന്റെ വിജയലക്ഷ്യം 14 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ ഷഫാലി വര്‍മ്മ 15 റണ്‍സും ശ്വേത ഷറാവത്ത് 5 റണ്‍സും നേടി പുറത്തായപ്പോള്‍ സൗമ്യ തിവാരി 24 റണ്‍സും ഗോംഗാധി തൃഷ 24 റണ്‍സും നേടി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 17.1 ഓവറില്‍ 68 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. നാല് പേര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടക്കുവാന്‍ സാധിച്ചത്. 19 റണ്‍സ് നേടിയ റയാന മക്‌ഡൊണാള്‍ഡാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്പ് സ്‌കോറര്‍.
ഇന്ത്യയ്ക്ക് വേണ്ടി ടിദാസ് സദു, അര്‍ച്ചന ദേവി, പര്‍ശാവി ചോപ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മന്നത് കശ്യപ്, ക്യാപ്റ്റന്‍ ഷഫാലി വര്‍മ്മ, സോനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ടൂര്‍ണമെന്റില്‍ ഫൈനല്‍ അടക്കം കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ പരാജയപെട്ടത്. ബാക്കി ഏഴിലും ഏകപക്ഷീയമായ വിജയം ഇന്ത്യ സ്വന്തമാക്കി.