ഇടുക്കി: നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്റിനും മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വക അസഭ്യവര്‍ഷം. ഡീന്‍ കുര്യാക്കോസ് എം.പി. നയിച്ച സമരയാത്രയുടെ സമാപന സമ്മേളന നഗറില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലാണ് സംഭവം നടന്നത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റും എം.പിയുടെ ഉറ്റ അനുയായിയുമായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിലാണ് ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് അംഗമായ വനിതപഞ്ചായത്ത് പ്രസിഡന്റിനുമെതിരേ അസഭ്യവര്‍ഷം നടത്തിയത്. ഇത് ചോദ്യം ചെയ്ത മണ്ഡലം ഭാരവാഹിയുമായി തര്‍ക്കം നടക്കുന്നതിനിടയില്‍ സമ്മേളന വേദിക്കരികില്‍ പഞ്ചായത്ത് പ്രസിഡന്റ് എത്തിയതോടെ സ്ഥലം പൂരപ്പറമ്പിന് സമാനമാവുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് എം.പി എത്തിയാണ് ടോമിയെ അനുനയിപ്പിച്ചത്.
ബഫര്‍സോണ്‍ അടക്കം വിവിധ വിഷയങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് 13 ന് ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ കുമളിയില്‍ നിന്ന് സമര യാത്ര ആരംഭിച്ചത്.യാത്രയുടെ മൂന്നാം ദിനം നെടുങ്കണ്ടത്ത് നിന്നും തുടങ്ങി കരുണാപുരം പഞ്ചായത്ത് ആസ്ഥാനമായ കൂട്ടാറിലാണ് സമാപിച്ചത്. സമാപന സമ്മേളനത്തിനുശേഷം എം.പിയും പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക നേതാക്കളും ചേര്‍ന്ന് വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിനിടയില്‍ എത്തിയ ടോമി പ്ലാവുവച്ചതില്‍ ഡി.സി.സി. പ്രസിഡന്റിനും പഞ്ചായത്ത് പ്രസിഡന്റിനും നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു.
അടുത്തിടെ കരുണാപുരം പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ടിരുന്നു. പരാജയത്തിന് ഇടയാക്കിയത് മേഖലയിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ അട്ടിമറിയാണെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ മണ്ഡലം കമ്മിറ്റി നേതൃതത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.സി.സി പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മണ്ഡലം പ്രസിഡന്റ് രാജിവച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റേയും പ്രഖ്യാപിച്ചിരുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനം മോഹിച്ചിരുന്ന ടോമിക്ക് നല്‍കാന്‍ പ്രാദേശിക നേതൃത്വം തയാറായില്ല.
ഇതിന് പിന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലാണെന്നുള്ള ധാരണയും അസഭ്യവര്‍ഷത്തിന് കാരണമായതായി പറയപ്പെടുന്നു.നേതാക്കള്‍ തമ്മില്‍ വാഗ്വാദം നടക്കുന്ന സമയം കോണ്‍ഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കളും ഏതാനും പ്രവര്‍ത്തകരും സ്ഥലത്ത് ഉണ്ടായിരുന്നു. അതേസമയം വിഷയത്തില്‍ രമ്യമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മേഖലയില്‍ നിന്നുള്ള ഉന്നത നേതാക്കള്‍.