അജോ കുറ്റിക്കന്‍
ഇടുക്കി: നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത റീസര്‍വേ നടപടികള്‍ അഴിയാക്കുരുക്കായതോടെ ജില്ലയിലെ കര്‍ഷകര്‍ നട്ടം തിരിയുന്നു.
മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതിന് പരിഹാരം കാണാനും ശ്രമിച്ചിട്ടില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഭൂമി പണയപ്പെടുത്തുന്നതിനും വില്‍ക്കുന്നതിനും മറ്റും ഇതു വിലങ്ങു
തടിയായിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ ലോണുകള്‍ക്കു പോലും ബാങ്കുകള്‍ ആധാരങ്ങളും മറ്റും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ഷക കുടുംബങ്ങള്‍ വട്ടം കറങ്ങുകയാണ്. ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിലെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി വലമുറുക്കുന്നതോടെ ജനങ്ങള്‍ വലയുകയാണ്.
1950 കളില്‍ നടന്ന സര്‍വേകളിലെയും 75 ല്‍ നടന്ന റീസര്‍വേയിലെയും പിഴവുകളാണ് തിരിച്ചടിയായിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍വേ നമ്പരിലെ പിശക്, സ്ഥലത്തിന്റെ സ്വഭാവം രേഖപ്പെടുത്തിയതിലെ തെറ്റ്, അതിരുകളിലെ വ്യത്യാസം ഇവയെല്ലാം പ്രതിസന്ധി സഷ്ടിക്കുന്നുണ്ട്.
ജില്ലയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഭൂമി സംബന്ധമായ വിഷയങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം പട്ടയത്തിലുള്ള ഭൂമി സര്‍ക്കാര്‍ സ്‌കെച്ചില്‍ ഇല്ലായെന്നുള്ളതാണ്.
പരമ്പരാഗതമായി കര്‍ഷകര്‍ കൈമാറിവരുന്നതും പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുമായ ഭൂമിയുടെ രേഖകള്‍ വിവിധ കാര്യങ്ങള്‍ക്കായി ആവശ്യപ്പെടുമ്പോഴാണ് നൂലാമാലകളില്‍ കുടുങ്ങുന്നത്.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ തയാറാകുന്നില്ലെന്ന് പരാതി ഉയരുന്നു. തോട്ടങ്ങള്‍, പാടം, നിലം, കരിങ്കാട്, പുരയിടം, ഹില്‍മെന്‍ സെറ്റില്‍മെന്റ് തുടങ്ങിയ പേരുകളില്‍ ഇടുക്കിയിലെ സ്ഥലങ്ങള്‍ക്ക് നാമകരണം ചെയ്തിട്ടുണ്ട്.
സര്‍വേ നടത്തിയ ഉദ്യോഗസ്ഥരുടെ നാട്ടുപ്രയോഗം അനുസരിച്ച് എഴുതിയിട്ട സ്ഥലനാമങ്ങള്‍ ഇപ്പോള്‍ സ്ഥലം പരിശോധിക്കുന്നവര്‍ക്ക് പിടികിട്ടാതെവരുന്നതും ഇത്തരം ദുരന്തങ്ങളിലേക്ക് വഴിവയ്ക്കുന്നു.
റീസര്‍വേ ചെയ്യാന്‍ കൈക്കൂലി ആവശ്യപ്പെടുന്നതായും ചിലയിടങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
25 വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ഭൂരേഖകള്‍ കൃത്യമാക്കുന്നതിനായി സ്വാഭാവികമായ നടക്കുന്ന സര്‍വേനടപടി മാത്രമാണ് റീസര്‍വേ. എന്നാല്‍ ജില്ലയില്‍ ഭൂമി സംബന്ധിച്ച് ഏറെ ആശയക്കുഴപ്പങ്ങള്‍ ഉള്ളതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
മുമ്പു കരം അടച്ച സ്ഥലങ്ങള്‍ പോലും റീസര്‍വേയില്‍ അപ്രത്യക്ഷമായ അവസ്ഥയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മേലെ ചെമ്മണ്ണാറില്‍ വീട്ടമ്മ ജീവനൊടുക്കിയതു റീസര്‍വേയിലെ കുരുക്കാണ് വെളിച്ചത്തു കൊണ്ടുവരുന്നത്.
അഞ്ചുമാസത്തിലധികം റീസര്‍വേ നടപടികള്‍ ചെയ്തുതരണമെന്നാവശ്യപ്പെട്ട് ഓഫീസുകള്‍ കയറിയിറങ്ങിയശേഷമാണ് ബെറ്റി എന്ന വീട്ടമ്മ ഒടുവില്‍ ജീവനൊടുക്കിയത്.
അതെ സമയം വര്‍ഷങ്ങളായി ചുവപ്പ് നടയില്‍ കുരുങ്ങിയിരുന്ന അണക്കര വില്ലേജിലെ റീസര്‍വേ നടപടികള്‍ ഏതാണ്ട് ഭൂരിഭാഗം തീര്‍പ്പായിട്ടുണ്ട്.ഇവിടത്തെ സര്‍വെയറുടെ ആത്മാര്‍ത്ഥമായുള്ള സേവനമാണ് ഇതിന് കാരണമെന്ന് കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു. സ്ഥല പരിശോധന നടത്തിയതിനുശേഷം സമയബന്ധിതമായി ഫയലുകള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍ ഏല്‍പ്പിക്കുന്നതാണ് വേഗത്തില്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാരണമായത്. എന്നാല്‍ അണക്കര വില്ലേജിലെ സര്‍വേ നടപടികള്‍ക്കായി താലൂക്ക് സര്‍വേയറുടെ സഹായികളായി നിയോഗിക്കപ്പെട്ട സര്‍വേയര്‍മാരെ ഡിജിറ്റല്‍ സര്‍വ്വേയുടെ ഭാഗമായി സ്ഥലം മാറ്റിയിട്ടുണ്ട്. ഇത് ഭൂപ്രശനങ്ങളില്‍ സങ്കീര്‍ണമായ അണക്കര വില്ലേജിലെ സര്‍വേ നടപടിളെ ഗുരുതരമായി ബാധിക്കും.