പത്തനംതിട്ട: നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷനിലെ തീപിടുത്തം സംബന്ധിച്ച മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറയുടെ പരാതിയിലാണ് കേസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് നമ്പര്‍ വണ്‍ ചിപ്‌സ് സെന്റര്‍ എന്ന കടയില്‍ നിന്ന് തീ പടര്‍ന്ന് നഗരം യുദ്ധ സമാനമായിരുന്നു. നാലോളം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
തീപിടുത്തത്തില്‍ നാല് കടകളാണ് കത്ത് നശിച്ചത് എട്ടുപേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ജങ്ഷനില്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം ആള്‍ക്കാര്‍ തിങ്ങിക്കൂടുന്ന സ്ഥലത്താണ് ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് ഇപ്രകാരമുള്ള കച്ചവടങ്ങള്‍ നടത്തുന്നത്. ഇതിന് അഗ്‌നിശമന സേനയുടെ എന്‍ഒസി വാങ്ങിച്ചിട്ടുണ്ടോ എന്നറിയില്ല എന്ന പരാതിയില്‍ പറയുന്നു.
കടകള്‍ നിര്‍മ്മിച്ചിരിക്കുന്നത് മുനിസിപ്പല്‍ ആക്ടിന് വിരുദ്ധമാണ്. ഈ കടകളില്‍ ഒന്നും പാര്‍ക്കിങ് സംവിധാനം ഇല്ല. അതു കൂടാതെ ഇന്ന് പല പെട്രോള്‍ പമ്പുകളിലും രാത്രികാലങ്ങളില്‍ വലിയ ബസുകള്‍ ഡീസല്‍ ഫുള്ളായി അടിച്ചു പാര്‍ക്ക് ചെയ്യുന്നത് കണ്ടുവരുന്നു. ഒരു വലിയ തീപിടുത്തം പമ്പില്‍ ഉണ്ടായാല്‍ അഗ്‌നിശമന സേനയ്ക്ക് വരാന്‍ പോലും കഴിയുകയില്ല.
സംസ്ഥാനത്തെ പല നഗരങ്ങളിലും ടൗണുകളിലും രാത്രികാലങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ പ്രവര്‍ത്തിച്ചതുമൂലമാണ് പത്‌നതംതിട്ടയില്‍ കടകള്‍ക്ക് തീപിടുത്തം ഉണ്ടായതും എട്ടുപേര്‍ക്ക് പരുക്കേറ്റതും ലക്ഷക്കണക്കിന് രൂപയുടെ നാശം സംഭവിച്ചതും.
ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ വേണമെന്നും പരാതിയിലുണ്ട്. പത്തനംതിട്ട നഗരസഭയിലെ മുഴുവന്‍ കടകള്‍ക്കും ലൈസന്‍സ് ഉണ്ടോ എന്നും എല്ലാ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണോ ഈ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെ സംബന്ധിച്ചും ഗ്യാസിലിണ്ടറുകള്‍ ഉപയോഗിക്കുന്ന കച്ചവടം സ്ഥാപനങ്ങളില്‍ ഗ്യാസ് നിയമപരമായി ലഭിച്ചതാണോ എന്നും വേണ്ടത്ര അഗ്‌നിശമന സുരക്ഷാ സംവിധാനം ഈ കടകളില്‍ ഉറപ്പുവരുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും റഷീദ് പറയുന്നു.