പമ്പ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചു. കേസെടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപ. 30,000 രൂപയ്ക്ക് പ്രശ്‌നം പരിഹരിച്ചപ്പോള്‍ അടികിട്ടിയ കണ്ടക്ടര്‍ക്ക് ലഭിച്ചത് 25,000. ശേഷിച്ച അയ്യായിരം രൂപ യൂണിയന്‍ നേതാക്കള്‍ നോക്കുകൂലി ഈടാക്കിയെന്നും ആക്ഷേപം. രണ്ടടിക്ക് 25,000 കിട്ടിയ കണ്ടക്ടര്‍ക്ക് പരാതിയില്ല.
ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ ത്രിവേണി യു-ടേണിന് സമീപമാണ് സംഭവം. ഇവിടെ കെഎസ്ആര്‍ടിസി ബസില്‍ ഭക്തരെ കയറ്റി വിടുന്ന ജോലി ചെയ്തു കൊണ്ടിരുന്ന തേവള്ളി സ്വദേശിയായ കണ്ടക്ടര്‍ക്ക് ആണ് അടി കിട്ടിയത്. കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്ന് തിരിച്ചറിയുന്ന യാതൊരു അടയാളങ്ങളും ഇദ്ദേഹത്തിന് ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. ത്രിവേണിയില്‍ നിന്ന അയ്യപ്പന്മാര്‍ യു ടേണ്‍ വഴി വണ്ടി വിടണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ബസ് തടയുകയായിരുന്നു. ഇവരെ തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടു പേര്‍ ചേര്‍ന്ന് കണ്ടക്ടറെ മര്‍ദിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പമ്പ പോലീസ് അയ്യപ്പന്മാരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. കണ്ടക്ടര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. അയ്യപ്പന്മാര്‍ക്കെതിരേ കേസ് എടുക്കണമെന്ന ആവശ്യമായിരുന്നു കെഎസ്ആര്‍ടിസി അധികൃതര്‍ക്ക്. അയ്യപ്പന്മാര്‍ക്ക് കേസും വഴക്കുമൊന്നും വേണ്ട, നഷ്ടപരിഹാരം കൊടുക്കാമെന്നായി. തുടര്‍ന്ന് പമ്പ കെഎസ്ആര്‍ടിസി സ്‌പെഷല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇത്രയും നല്‍കാന്‍ കഴിയില്ലെന്ന് സ്വാമിമാര്‍ അറിയിച്ചു. ഒടുവില്‍ 30,000 രൂപയെന്ന് ധാരണയായി. പിന്നെയാണ് ട്വിസ്റ്റ് ഉണ്ടായത്.25,000 രൂപ കണ്ടക്ടര്‍ക്ക് കൊടുത്തു. ശേഷിച്ച 5000 മറ്റുള്ളവര്‍ക്ക് കിട്ടി. യൂണിയന്റെ പേരിലാണ് ഇത് വാങ്ങിയത്. പമ്പയില്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് യൂണിയന്‍ ഒന്നും ഇല്ലെന്നാണ് അറിയുന്നത്.