
റാന്നി: റാന്നി-കോഴഞ്ചേരി റോഡില്‍ പുതമണ്ണിലെ ബലക്ഷയം സംഭവിച്ച പാലത്തില്‍ കൂടി ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായി. പാലത്തിലൂടെ ഗതാഗതം നിരോധിച്ച സാഹചര്യത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
70 വര്‍ഷത്തിലധികം പഴക്കമുള്ള പുതമണ്‍ പെരുന്തോടിന് കുറുകെയുള്ള പാലത്തിന്റെ ഇരുവശത്തും രണ്ടര മീറ്റര്‍ വീതിയില്‍ പുതുതായി സ്ലാബ് നിര്‍മ്മിച്ച് 10 വര്‍ഷം മുമ്പ് വീതി വര്‍ധിപ്പിച്ചിരുന്നു. പാലത്തിന്റെ നടുവിലത്തെ ഭാഗം കാലപ്പഴക്കത്തില്‍ തകര്‍ന്നതിനാല്‍ ഇവിടം കെട്ടി വേര്‍തിരിച്ച് പുതുതായി നിര്‍മ്മിച്ച ഇരുഭാഗത്തൂടെയും ഇരുചക്ര വാഹനങ്ങള്‍ മാത്രം കടത്തിവിടും.
പാലം തകര്‍ന്നതിനാല്‍ റാന്നിയില്‍ നിന്നും കോഴഞ്ചേരിക്കുള്ള ബസുകള്‍ ഇപ്പോള്‍ കീക്കൊഴൂര്‍ പേരൂച്ചാല്‍ പാലത്തിലൂടെ മറുകരയില്‍ എത്തി ചെറുകോല്‍പ്പുഴ റാന്നി റോഡിലൂടെയാണ് പോകുന്നത്. ഇതോടെ കീക്കൊഴൂര്‍ മുതല്‍ മേലുകര വരെയുള്ള ഭാഗത്തെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇവരുടെ യാത്രാ ക്ലേശം ഒഴിവാക്കുന്നതിന് കുറച്ചു ബസുകള്‍ ചാക്കപ്പാലം വഴി തിരിഞ്ഞ് അന്ത്യാളന്‍ കാവ് വഴി പുതമണ്‍ മറുകരയില്‍ എത്തി കോഴഞ്ചേരിക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കും. ഏകദേശം 10 കി.മീ അധികം സഞ്ചരിക്കണം എന്ന് എന്നതാണ് ഇതിന്റെ പോരായ്മ.
പുതമണ്‍-വയലത്തല റോഡ് ഇന്നു മുതല്‍ ജലവിഭവ വകുപ്പ് പൈപ്പ് ഇടുന്നതിനായി കുഴിക്കുന്നതിനാലാണ് ബസുകള്‍ ചാക്കപ്പാലം വഴി കടത്തിവിടാന്‍ നിശ്ചയിച്ചത്. റാന്നി-കോഴഞ്ചേരി റൂട്ടുകളില്‍ പോകുന്ന ടിപ്പര്‍ ലോറികള്‍ മാമുക്ക് ഭാഗത്തുനിന്ന് തന്നെ തിരിഞ്ഞു പോകാന്‍ സംവിധാനം ഒരുക്കും. ഇതുവഴി പോകുന്ന ടിപ്പറുകളുടെ യാത്ര രാവിലെ എട്ടു മുതല്‍ പത്തു വരെയും വൈകിട്ട് മൂന്ന് മുതല്‍ 5 വരെയും നിരോധിക്കും. വാഹന യാത്രക്കാര്‍ക്ക് നേരത്തെ തന്നെ ദിശ മാറി പോകുന്നതിനായി ചെറുകോല്‍പ്പുഴ നെടിയത്ത് ജങ്ഷനിലും കീക്കൊഴൂര്‍ പാലത്തിന്റെ ഭാഗത്തും സൂചനാ ബോര്‍ഡുകള്‍ വയ്ക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
തകരാര്‍ സംഭവിച്ച പാലത്തിന്റെ വശത്തു കൂടി താല്‍ക്കാലിക പാതയുടെ നിര്‍മ്മാണം ഉള്‍പ്പെടെ പരിഗണനയിലുണ്ട്. എം.എല്‍.എയെ കൂടാതെ ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.സന്തോഷ്, തഹസില്‍ദാര്‍ മഞ്ജുഷ, ഡിവൈ.എസ്.പി ജി. സന്തോഷ് കുമാര്‍, ചീഫ് എന്‍ജിനീയര്‍ പാലം വിഭാഗം എം.അശോക് കുമാര്‍, ചീഫ് എന്‍ജിനീയര്‍ നസീം, റോഡ്‌സ് എക്‌സി എന്‍ജിനീയര്‍ അംബിക, അസി. എന്‍ജിനീയര്‍ റീന എന്നിവരും സംബന്ധിച്ചു.