പത്തനംതിട്ട: പല തവണ വന്ന് ഭക്ഷണം കഴിച്ചിട്ടും പണം കൊടുക്കാതെ പോയി. ഒടുവില്‍ ഭക്ഷണത്തിന്റെ കാശ് ചോദിച്ചപ്പോള്‍ തട്ടുകട നടത്തുന്ന കുടുംബത്തിന് മര്‍ദനം. മര്‍ദനത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ തട്ടുകട അടിച്ചു തകര്‍ത്ത് തി വച്ച് പ്രതികാരം. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ മകന് സഹിതം ഉള്‍പ്പെട്ട അക്രമി സംഘത്തെ അറസ്റ്റ് ചെയ്യാതെ പോലീസിന്റെ ഒളിച്ചു കളി.
പ്രമാടം പഞ്ചായത്തിലെ പൂങ്കാവില്‍ തട്ടുകട നടത്തുന്ന നാരങ്ങാനം സ്വദേശി സിബി ജോര്‍ജ്, ഭാര്യ ലിന്‍സി, മകന് ലിനോ തോമസ് എന്നിവരെയാണ് വ്യഴാഴ്ച രാത്രി ഏഴു മണിയോടെ എട്ടംഗ സംഘം മര്‍ദിച്ചത്. പ്രമാടം പഞ്ചായത്ത് 19-ാം വാര്‍ഡിലെ സിപിഎം അംഗം ലിജ ശിവപ്രകാശിന്റെ മകന് കെ.എസ്. ആരോമലിന്റെ നേതൃത്വത്തിലാണ് ഗുണ്ടായിസം കാണിച്ചതെന്ന് ലിനോ തോമസ് പറഞ്ഞു മര്‍ദനമേറ്റ ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് രാത്രിയില്‍ കടയ്ക്ക് ആരോ തീവയ്ക്കുകയായിരുന്നു. പാചക ഉപകരണങ്ങള്‍, ബോര്‍ഡ്, എന്നിവ കത്തി നശിച്ചു. കട അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ആരോമല്‍. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇവര്‍ കടയില്‍ വന്ന് ഭക്ഷണം കഴിച്ചും പാഴ്സല്‍ വാങ്ങിയും പോകും. പണം ഗൂഗിള്‍ പേ ചെയ്യാമെന്ന് പറയും. എന്നാല്‍, പണം കൊടുക്കാറില്ല. ഇന്നലെ ഇവരെ കടയില്‍ കണ്ടപ്പോള്‍ കിട്ടാനുള്ള പണത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. ഇന്‍സ്റ്റായില്‍ അടക്കം വിലസുന്ന സംഘത്തിന് മറ്റുള്ളവരുടെ മുന്നില്‍ വച്ച് പണം ചോദിച്ചത് മാനക്കേടായി. തുടര്‍ന്ന് ലിനോയെയും മാതാപിതാക്കളെയും മര്‍ദിക്കുകയായിരുന്നു. കട കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതു കാരണം ഭയന്ന് കടയില്‍ തന്നെ ഇരുന്ന ഇവര്‍ പിന്നീട് ആശുപത്രിയിലേക്ക് പോയപ്പോഴാണ് കടയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.
മൂന്ന് മാസത്തിനിടയില്‍ പല തവണയായി കഴിച്ച ഭക്ഷണത്തിന്റെ പണം ആണ് കട ഉടമ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഒന്നര ലക്ഷം ഫോളോവേഴ്സുള്ള തനിക്ക് അവരുടെ പിന്തുണ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ലിനോ പറയുന്നു. സിപിഎമ്മിന്റെ പഞ്ചായത്തംഗത്തിന്റെ മകന് ആയതിനാല്‍ നടപടിയെടുക്കാന്‍ പോലീസും വൈകുന്നു. പത്തനംതിട്ട പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം നടന്നത്. പോലീസ് സമീപത്തുള്ള സിസിടിവി അടക്കം പരിശോധിച്ചിട്ടുണ്ട്.