മൂന്നാര്‍: മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നാറില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ തേയിലച്ചെടികള്‍ ഉണങ്ങിനശിച്ചു. ഒരാഴ്ചയായി മേഖലയില്‍ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. തേയിലച്ചെടികള്‍ക്ക് മുകളില്‍ വീഴുന്ന മഞ്ഞ് വെയിലേറ്റ് ഉണങ്ങുമ്പോള്‍ തേയിലച്ചെടികള്‍ ഉണങ്ങി നശിക്കാറാണ് പതിവ്.
കണ്ണന്‍ ദേവന്‍, ഹാരിസണ്‍, ടാറ്റാ ടീ തുടങ്ങിയ കമ്പനികള്‍ക്ക് കീഴിലാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഭൂരിഭാഗവും. ഈ തോട്ടങ്ങളിലെല്ലാം തന്നെ വ്യാപകമായ രീതിയില്‍ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്.ഹാരിസണ്‍ കമ്പനിയുടെ ലാക്കാട് എസ്‌റ്റേറ്റില്‍മാത്രം അറുപതോളം ഏക്കര്‍ സ്ഥലത്തെ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്.
കണ്ണന്‍ദേവന്‍ കമ്പനിയുടെ കന്നിമല, നല്ലതണ്ണി, ലക്ഷ്മി തുടങ്ങിയ എസ്‌റ്റേറ്റുകളിലും വ്യാപകമായി തേയില ഉണങ്ങി നശിച്ചിട്ടുണ്ട്. ഇത് തേയിലത്തോട്ടങ്ങളെ വന്‍ നഷ്ടത്തിലേക്ക് നയിക്കുകയും തേയിലവില ഉയരുന്നതിന് കാരണമാവുകയുംചെയ്യും.