പത്തനംതിട്ട: എടത്വ ചങ്ങങ്കരിയില്‍ മദ്യപിച്ച് ബഹളം വയ്ക്കുകയും നാട്ടുകാരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്ത പത്തനംതിട്ടയില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കൂട്ടനടപടി. അക്രമത്തിന് നേതൃത്വം നല്‍കിയ നഗരസഭാ കൗണ്‍സിലറുടെ സിപിഎമ്മിലെ സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിച്ചു. പാര്‍ട്ടിയുടെയും സംഘടനയുടെയും പ്രതിഛായ തകര്‍ത്ത സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടികളാണ് വ്യാഴാഴ്ച കൈക്കൊണ്ടത്.
ജില്ലാ കമ്മറ്റിയംഗം ശരത് ശശിധരനെ ഇന്നലെ ചേര്‍ന്ന അടിയന്തിര ജില്ലാ കമ്മറ്റി യോഗം ചേര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ പത്തനംതിട്ട സൗത്ത് മേഖലാ പ്രസിഡന്റ് അരൂണ്‍ ചന്ദ്രനെ സ്ഥാനത്ത് നിന്ന് നീക്കുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പോലീസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ നഗരസഭാ കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സന്റെ സസ്‌പെഷന്‍ ഡിസംബര്‍ വരെ നീട്ടി. ജില്ലാ കമ്മറ്റിയംഗവും പത്തനംതിട്ട നഗരസഭാ ചെയര്‍മാനുമായ അഡ്വ. സക്കീര്‍ ഹുസൈന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി.പി.എം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം. ശേഷിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് എടത്വായില്‍ വച്ചാണ് വി.ആര്‍. ജോണ്‍സന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ലഹരിക്കെതിരേ പോരാട്ടം നടത്തുന്ന ഡി.വൈ.എഫ്.ഐയുടെ ജില്ലാ കമ്മറ്റിയംഗം അടക്കമുള്ള നേതാക്കള്‍ തന്നെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് സംഘടനയ്ക്ക് അപമാനം ഉണ്ടാക്കിയെന്ന് കണ്ടാണ് നടപടി. 22 ന് കേന്ദ്രകമ്മറ്റിയംഗം ചിന്ത ജെറോം പങ്കെടുക്കുന്ന ജില്ലാ കമ്മറ്റി യോഗം ശരതിനെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്.
അതേ സമയം, ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിയാന്‍ ശരത് നേരത്തേ താല്‍പര്യം പ്രകടിപ്പിച്ച് കത്തു നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയെന്നുമാണ് ഡി.വൈ.എഫ്.ഐ നേതൃത്വം പറയുന്നത്.
വാഹനത്തിലിരുന്ന് മദ്യപിച്ച് ബഹളം വച്ച സംഘത്തെ പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സണും ഉണ്ടായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സി.പി.എമ്മില്‍ നേരത്തേ ജോണ്‍സനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജോണ്‍സണ്‍, ശരത് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവശങ്കര്‍, അര്‍ജുന്‍ മണി എന്നിവരെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ എടത്വ ചങ്ങങ്കരി പളളിക്ക് സമീപം റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം പൊതുവഴിയില്‍ നിന്ന് സംഘം മദ്യപിച്ചു. ചോദ്യം ചെയ്ത നാട്ടുകാരെയും സ്ഥലത്ത് വന്ന പോലീസിനെയും ഇവര്‍ കൈയേറ്റം ചെയ്തു. കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് ഇവരെ കീഴടക്കിയത്. പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെങ്കിലും ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.