പന്തളം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ ആര്യങ്കാവില്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തി. ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ പാലില്‍ കലര്‍ത്തിയിരുന്നത്. ക്ഷീരമന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശത്തിലായിരുന്നു അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്.
പാല്‍ പന്തളം ഇടപ്പോണ്‍ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസിങ് കമ്പനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കി. ശബരി എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനി പ്രവര്‍ത്തിക്കുന്ന ഇടപ്പോണ്‍ നൂറനാട് റോഡില്‍ ഐരാണിക്കുടിയിലാണ്. കടകളിലൂടെയുളള വിപണനത്തിന് പുറമേ നേരിട്ടും വീടുകളില്‍ ഇവരുടെ ഏജന്റുമാര്‍ പാല്‍ എത്തിച്ചിരുന്നു.
ആകര്‍ഷകമായ കമ്മിഷനാണ് ഇവരുടെ പ്രത്യേകത. മില്‍മ പാക്കറ്റ് പാലിന് ചെറുകിട വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കുന്നത് ഒരു രൂപയില്‍ താഴെയാണ്. എന്നാല്‍ ശബരിക്ക് അത് മൂന്നു രൂപ വരെ ലഭിക്കും. അതിനാല്‍ തന്നെ വ്യാപാരികള്‍ ഈ പാല്‍ വില്‍ക്കാന്‍ താല്‍പര്യം കാണിക്കും. മുന്‍പ് മില്‍മയ്ക്ക് ബദലായി മേന്മ എന്ന പേരിലാണ് കമ്പനി പാല്‍ ഇറക്കിയിരുന്നത്. നിയമ പ്രശ്‌നങ്ങളായതോടെയാണ് ശബരി എന്ന പേരിലേക്ക് മാറ്റിയത്.
വീടുകളില്‍ പാല്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ട്. ഇതിനായി ഏജന്റുമാരുണ്ട്. ജീപ്പിലും പിക്കപ്പ് വാനിലുമായി പാല്‍ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടുപടിക്കല്‍ പാല്‍ എത്തുമെന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു. പന്തളം ഫാമിലെ പശുവിന്‍ പാല്‍ എന്ന ലേബലിലായിരുന്നു വില്‍പ്പന. പരിശുദ്ധിയുടെ പാല്‍രുചി എന്ന പരസ്യവാചകം കൂടിയായതോടെ വന്‍ തോതിലാണ് വിറ്റത്.