
അജോ കുറ്റിക്കന്‍
കട്ടപ്പന: കേരളത്തിന്റെ സ്വന്തം മില്‍മയെ പിന്തള്ളി മറുനാടന്‍ പാല്‍ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍, മില്‍മ ബ്രാന്‍ഡിനോട് സമാനമായി മഹിമ, നന്മ തുടങ്ങിയ പേരിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. പൊതുവെ മില്‍മയുടെ സമാനമായ പാക്കിംഗ് കളറും പേര് എഴുതിയതിന്റെ രീതിയും കണ്ടാല്‍ ഇത് മില്‍മ പാല്‍ തന്നെയെന്ന് തോന്നിപ്പോകും. അത്രക്ക് സാമ്യമുണ്ട്.
വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേന്‍മാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കമ്പനിയുടെ ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കയ്യടക്കുന്നതെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
പാക്കറ്റുകളില്‍ നിര്‍മ്മിക്കുന്നതാരെന്നോ, എവിടെയാണ് ഉത്പാദനമെന്ന വിവരങ്ങളില്ലാതെയും പല ബ്രാന്‍ഡുകളും വിപണിയിലുണ്ട്. വലിയതോതില്‍ ലാഭം നല്‍കുന്ന ഇത്തരം പാല്‍ പായ്ക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ വ്യാപാരികളും മറുനാടന്‍ പാല്‍ ലോബിയുടെ ഭാഗമാവുകയാണ്.
മില്‍മയാണെന്ന് തെറ്റിദ്ധരിച്ച് കവര്‍പാല്‍ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്പോഴാണ് തങ്ങള്‍ വാങ്ങിയത് ഒറിജിനല്‍ മില്‍മയല്ലെന്ന് തിരിച്ചറിയുന്നത്. രണ്ടു കമ്പനികളുടെ കവറുകളും ഒറ്റനോട്ടത്തില്‍ മില്‍മയാണെന്ന് തന്നെയാണ് തോന്നുക. മില്‍മയാണെന്ന് തെറ്റിദ്ധരിച്ച് സാധാരണക്കാര്‍ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കവറും പശുവിന്റെ ചിത്രവും എഴുത്തും കവര്‍ കളറും എല്ലാം മില്‍മയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്.
മില്‍മയുടെ അംഗീകൃത ഏജന്‍സികളല്ലാത്ത മില്‍മ വില്‍പന നടത്തുന്ന കടകളിലും മറ്റുമാണ് ഇവ ഇടകലര്‍ന്നു വില്‍പന നടത്തുന്നത്. പാലിനു പുറമെ തൈരും മില്‍മയുടെ അതേ കവര്‍ സാദൃശ്യമുള്ളതാണ്. ഒരു കമ്പനി തിരുവനന്തപുരത്തും, മറ്റൊരു കമ്പനി പന്തളത്തുമാണ് ഡയറി ഫാം നടത്തുന്നത്. ഒറ്റനോട്ടത്തില്‍ മില്‍മതന്നെയാണെന്നാണ് തോന്നുക. മില്‍മ 500 മില്ലിയാണ് എങ്കില്‍ മറ്റു രണ്ടും 450 മില്ലിയാണ്. മില്‍മയേക്കാള്‍ ഒരു രുപ കൂടുതലുമാണ്. അതേ സമയം രണ്ടു കമ്പനികളും ലൈസന്‍സോട് കൂടിതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കച്ചവടക്കാര്‍ക്ക് ഇരു കമ്പനികളും മില്‍മയേക്കാള്‍ കൂടതല്‍ കമ്മിഷന്‍ നല്‍കുന്നുണ്ടെന്നാണ് വിവരം.
(തുടരും)