വളര്‍ന്നു വരുന്ന യുവതാരം സിദ്ധാര്‍ഥ ശര്‍മ അന്തരിച്ചു. രണ്ടാഴ്ചയായി ഗുജറാത്തിലെ വഡോദരയില്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ബറോഡക്കെതിരായ രഞ്ജി മത്സരത്തിനായി ഗുജറാത്തിലെത്തിയ താരത്തിന് പെട്ടെന്ന് രോഗബാധ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ഈ സീസണ്‍ രഞ്ജിയില്‍ ഹിമാചല്‍ പ്രദേശിനായി ആദ്യ രണ്ടു മത്സരങ്ങളില്‍ ഇറങ്ങി മികച്ച പ്രകടനം നടത്തിയ 28കാരന്റെ അപ്രതീക്ഷിത വിയോഗം കായിക ലോകത്തെ ഞെട്ടലിലാഴ്ത്തി.
ബറോഡക്കെതിരായ മത്സരത്തിന് മുമ്ബ് പെട്ടെന്ന് രോഗബാധിതനായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്രിയാറ്റിന്‍ അളവ് തീരെ കുറവാണെന്ന് സ്ഥിരീകരിച്ചു. വൃക്കകളെയും മറ്റു അവയവങ്ങളെയും ഗുരുതരമായി ബാധിച്ചതായും കണ്ടെത്തി. ഇടക്ക് ശരീരം മെച്ചപ്പെടുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
2017-18 സീസണിലാണ് സിദ്ധാര്‍ഥ് ആദ്യമായി ഹിമാചലിനായി അരങ്ങേറുന്നത്. ഇതുവരെ രഞ്ജിയില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ സീസണിലെ രണ്ടു മത്സരങ്ങളില്‍ മാത്രം 12 വിക്കറ്റുകള്‍ നേടി. അഞ്ചു വിക്കറ്റ് പ്രകടനവുമായി കരുത്തുകാട്ടിയ താരം ബറോഡക്കെതിരെയും ഇറങ്ങാനിരിക്കെയായിരുന്നു ദുരന്തം.
കഴിഞ്ഞ സീസണ്‍ വിജയ് ഹസാരെ ട്രോഫിയിലും ഇറങ്ങിയ താരം ആറു കളികളില്‍ എട്ടു വിക്കറ്റ് വീഴ്ത്തി. വിജയ്ഹസാരെ ട്രോഫിയിലും ടീമിന്റെ ബൗളിങ് കുന്തമുനയായിരുന്നു.