പന്തളം: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനില്‍ 26 ന് വൈകിട്ട് അഞ്ചിന് അതിവേഗചിത്രകാരന്‍ ജിതേഷ്ജി
‘ദേശീയോദ്ഗ്രഥന വരയരങ്ങ് ‘ ഇന്‍ഫോടൈന്‍മെന്റ് സ്‌റ്റേജ് ഷോ അവതരിപ്പിക്കും. സ്വാമി വിവേകാനന്ദന്‍, ഗാന്ധിജി, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, എ പി ജെ അബ്ദുള്‍ കലാം തുടങ്ങി പി എം നരേന്ദ്രമോഡി വരെയുള്ള 74 മഹാന്‍മാരായ ഇന്ത്യക്കാരെ അരമണിക്കൂറിനുള്ളില്‍ അതിദ്രുത രേഖാചിത്രങ്ങളാക്കിയും ഇംഗ്ലീഷ് സചിത്രഭാഷണ രൂപത്തില്‍ അവതരിപ്പിച്ചും ജിതേഷ്ജി 74 ആം റിപ്പബ്ലിക് ദിനത്തെ വരവന്ദനമൊരുക്കി വര്‍ണ്ണാഭമാക്കും.
ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്ര കാരന്‍ ജിതേഷ്ജി ഗോവ രാജ്ഭവനില്‍ വരവേഗവിസ്മയമൊരുക്കാന്‍ എത്തുന്നത്.
ചിത്രകലയുടെ രംഗാവിഷ്‌കാരമായ വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്‌കര്‍ത്താവ് എന്ന നിലയില്‍ ലോകശ്രദ്ധ നേടിയ അതിവേഗ പെര്‍ഫോമിംഗ് രേഖാചിത്രകാരനാണ് ജിതേഷ്ജി. 2008 ല്‍ വെറും 5 മിനിറ്റിനുള്ളില്‍ 50 ലോകപ്രശസ്തവ്യക്തികളെ ഇരുകൈകളും ഒരേപോലെ ഉപയോഗിച്ച് വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്