പത്തനംതിട്ട: വീട്ടിലെത്തി റീഡിങ് എടുത്ത് മീറ്റര്‍ റീഡര്‍ നല്‍കിയ വെള്ളക്കരം 1100 രൂപ. എന്നാല്‍, ഓണ്‍ലൈന്‍ വഴി അടച്ചേക്കാമെന്ന് കരുതി ഗൂഗിള്‍ പേ വഴി ശ്രമിച്ചപ്പോള്‍ ബില്‍ തുക വെറും 793 മാത്രം. ഇതെന്ത് മറിമായമെന്ന് കരുതി തുക അടച്ചു. അതിന് ശേഷം കസ്റ്റമര്‍ കെയറില്‍ വിളിച്ചു ചോദിച്ചപ്പോള്‍ സാര്‍ 801 രൂപ അടച്ചാല്‍ മതിയെന്നും നിര്‍ദേശം. പത്തനംതിട്ടയിലുള്ള സെല്‍വരാജ് എന്ന ഉപയോക്താവാണ് ആകെ കിളി പോയി നില്‍ക്കുന്നത്.
വീട്ടിലെത്തിയ മീറ്റര്‍ റീഡര്‍ നല്‍കിയ ഡിമാന്റ് ആന്‍ഡ് ഡിസ്‌കണക്ഷന്‍ നോട്ടീസില്‍ ത്രൈമാസ വാട്ടര്‍ ചാര്‍ജ് 1096 രൂപയാണ്. ആകെ അടയ്‌ക്കേണ്ട തുകയായി നാലു രൂപ കൂടിയിട്ട് റൗണ്ട് ചെയ്ത് 1100 രൂപയുണ്ട്. ഇത് ഇന്‍സ്‌പെക്ഷന്‍ ചാര്‍ജ് ആയി ചേര്‍ത്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സെല്‍വരാജ് ഗൂഗിള്‍ പേ വഴി പണം അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ബില്‍ തുക കണ്ടത് വെറും 793 രൂപയാണ്. എന്താണ് ഇങ്ങനെ എന്നറിയാന്‍ വേണ്ടി കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ അവിടെ ഇരുന്ന ഉദ്യോഗസ്ഥന്റെ മറുപടി. സാര്‍ 801 രൂപ അടച്ചാല്‍ മതി! ഞാന്‍ അടച്ചുവെന്നും 793 രൂപയേ ആയുള്ളൂവെന്നും സെല്‍വരാജ് പറഞ്ഞപ്പോള്‍ എന്നാല്‍പ്പിന്നെ അതു മതിയാകുമെന്നായി ഉദ്യോഗസ്ഥന്‍. എന്തു കൊണ്ടാണ് ഇങ്ങനെ വ്യത്യസ്ത ബില്‍ വന്നതെന്ന് ചോദിച്ചപ്പോള്‍ കണക്കു കൂട്ടിയതിലെ പിഴവാണെന്ന് കസ്റ്റമര്‍ കെയറിലെ ഉേദ്യാഗസ്ഥന്‍ പറഞ്ഞു. അവര്‍ ശരാശരി വച്ച് കൂട്ടിയതു കൊണ്ട് പിഴവ് വന്നതാകും. റീഡ് ചെയ്ത വിവരങ്ങള്‍ സിസ്റ്റത്തില്‍ കൊടുക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ തുക അറിയുകയുള്ളൂവെന്നും അറിയിച്ചു.