തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യപാല്‍പായസം തയ്യാറാക്കാന്‍ ഭീമന്‍ വാര്‍പ്പെത്തി. രണ്ടേ കാല്‍ ടണ്‍ ഭാരമുള്ള വാര്‍പ്പാണ് ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിച്ചത്. 1500 ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന കൂറ്റന്‍ നാലു കാതന്‍ ഓട്ടു വാര്‍പ്പാണിത്.
പരുമല ആര്‍ട്ടിസാന്‍സ് മെയ്ന്റനന്‍സ് ആന്‍ഡ് ട്രഡീഷനല്‍ ട്രേഡിങ്ങിന്റെ ചുമതലയില്‍ മാന്നാര്‍ അനന്തന്‍ ആചാരിയുടെയും മകന്‍ അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നാല്‍പതോളം തൊഴിലാളികള്‍ ചേര്‍!ന്നാണ് വാര്‍പ്പ് നിര്‍മിച്ചത്. നാലു മാസം കൊണ്ടാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവുമുള്ള വര്‍പ്പ് ഒരുക്കിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് വാര്‍പ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. മുപ്പത് ലക്ഷം രൂപയാണ് വാര്‍പ്പിന്റെ നിര്‍മാണ ചെലവ്.
പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്. ബുധനാഴ്ച ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടില്‍ ഭക്തര്‍ക്ക് വിളമ്ബും.