ഇടുക്കി: വൈദ്യുതി പോസ്റ്റുകളിലൂടെ അനധികൃതമായി കേബിള്‍ ടിവി, ഇന്റര്‍നെറ്റ് കേബിളുകള്‍ എന്നിവ അനധികൃതമായി വലിക്കുന്നത് വ്യാപകമായി. കെഎസ്ഇബി ജീവനക്കാരുടെ കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നതിനുപുറമെ നിരവധി അപകടങ്ങളും ഇതുമൂലമുണ്ടാവുന്നുണ്ട്.
കഴിഞ്ഞ ജൂലൈ 4ന് എറണാകുളം മരട് സെക്ഷനു കീഴിലാണ് ഒടുവിലത്തെ സംഭവം. റോഡിന് കുറുകെ താണു കിടന്ന കേബിള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് കേബിള്‍ ബന്ധിപ്പിച്ചിരുന്ന ഹൈ ടെന്‍ഷന്‍ പോസ്റ്റ് ബസിനുമുകളിലേക്ക് പതിച്ചിരുന്നു.
അറ്റകുറ്റപ്പണികള്‍ക്കായി ലൈന്‍ ഓഫ് ചെയ്തിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇടുക്കി ജില്ലയിലും സമാന രീതിയില്‍ അപകടം വരുത്തിവയ്ക്കുന്ന വിധമാണ് കേബിളുകള്‍ വലിച്ചിരിക്കുന്നത്. ഒരു പോസ്റ്റില്‍ അഞ്ചും ആറും കേബിളുകളാണ് ഒരേസമയം വലിച്ചിരിക്കുന്നത്. കേബിളുകള്‍ സ്ഥാപിക്കുന്നതിന് കെഎസ്ഇബി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെങ്കിലും നീക്കം ചെയ്യാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.
അപകടകരമായ വിധത്തില്‍ വലിച്ചിരിക്കുന്ന കേബിളുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നതിനായി നിയമപരമായി വേര്‍തിരിക്കപ്പെട്ട മേഖലയിലും റൈറ്റ് ഓഫ് വേയിലും വൈദ്യുതി തൂണുകള്‍ക്ക് സമീപവും മറ്റ് വാര്‍ത്താവിനിമയ സ്ഥാപനങ്ങളുടെ തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നതും ജീവനക്കാരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇവ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി ജീവനക്കാര്‍ പറയുന്നു.
2003ലെ ഇലക്ട്രിസിറ്റി ആക്ട് സെക്ഷന്‍ 68(5), സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വൈദ്യുതി വിതരണ സുരക്ഷാ ചട്ടത്തിലെ 60, 61, 63, 69 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അനധികൃത നിര്‍മ്മിതികള്‍ നിയമവിരുദ്ധമാണെങ്കിലും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ ഇത്തരം അനധികൃത കേബിളുകളും തൂണുകളും അടിയന്തിരമായി നീക്കം ചെയ്യാനുള്ള നടപടി കെ എസ് ഇ ബി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.