അടൂര്‍: ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി മദ്യപിച്ച് ഫയര്‍ എന്‍ജിന്‍ ഓടിച്ചതിന് ഫയര്‍ ഫോഴ്‌സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് അജയ ഭവനില്‍ വിജയകുമാറിനെ(50)യാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടൂര്‍-കടമ്പനാട് റൂട്ടില്‍ മണക്കാലാ എന്‍ജിനീയറിങ് കോളജിന് സമീപം റോഡിന് കുറുകേ ഫയര്‍ എന്‍ജിന്‍ നിര്‍ത്തിയതോടെയാണ് ഇയാള്‍ നാട്ടുകാരുടെ പിടിയിലായത്. വിവരമറിഞ്ഞ് വന്ന പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഫയര്‍ എന്‍ജിന്‍ പിന്നീട് അടൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റി.
വിജയകുമാര്‍ നിലമ്പൂര്‍ ഫയര്‍ സ്‌റ്റേഷനിലെ ഡ്രൈവറാണ്. കൊല്ലം പരവൂര്‍ ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍ എന്‍ജിനുമായി നിലയ്ക്കലില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. നിലയ്ക്ക്ല്‍ പള്ളിയറക്കാവ് ക്ഷേത്രത്തിന് മുന്നില്‍ ഡ്യൂട്ടിക്ക് കൊണ്ടു വന്നതാണ് ഫയര്‍ എന്‍ജിന്‍. താന്‍ കൊല്ലത്തേക്ക് പോകുമ്പോള്‍ വാഹനം പാര്‍ക്കിങ് പോയിന്റായ കടപ്പാക്കട ഫയര്‍ സ്‌റ്റേഷനില്‍ ഇട്ടേക്കാമെന്ന് പറഞ്ഞ് ചോദിച്ചു വാങ്ങിയതാണ്. പരവൂരില്‍ വാഹനം ഇടാന്‍ സ്ഥലമില്ലാത്തതിനാല്‍ തല്‍ക്കാലത്തേക്ക് കടപ്പാക്കട സ്‌റ്റേഷനിലാണ് വാഹനം സൂക്ഷിക്കുന്നത്. ഇവിടുത്തെ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച് വരുന്നു.
പ്ലാപ്പളളിയില്‍ നിന്ന് വാഹനവുമായി പുറപ്പെട്ട ഇയാള്‍ പത്തനംതിട്ടയില്‍ വന്ന് ബിവറേജസില്‍ നിന്ന് മദ്യം വാങ്ങി അല്‍പ്പാല്‍പ്പം കുടിച്ച് അടൂരിലെത്തി. തുടര്‍ന്ന് കെ.എസ്ആര്‍ടിസിക്ക് സമീപം വാഹനം പാര്‍ക്ക് ചെയ്തിട്ട് സമീപത്തെ ബാറില്‍ കയറി വീണ്ടും മദ്യപിച്ചു. അതിന് ശേഷം പോകുന്ന വഴിയാണ് മണക്കാലായില്‍ വച്ച് വാഹനം നിയന്ത്രണം തെറ്റി റോഡിന് കുറുകേ കിടന്നത്. വിജയകുമാര്‍ ഓടിച്ച അഗ്‌നിരക്ഷാ സേനയുടെ വാഹനം മറ്റു വാഹനങ്ങളെ ഇടിക്കുന്ന അവസ്ഥയിലായിരുന്നു പോയത്. വെള്ളക്കുളക്കര ജങ്ഷനില്‍ വാഹനം ഏറെ നേരം നിര്‍ത്തിയിടുകയും ഇവിടുത്തെ സ്റ്റാന്റിലെ ഓട്ടോറിക്ഷക്കാരോട് കൊല്ലം പോകാനുള്ള വഴി ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനം ഇവിടെ നിന്നും ചവറ റൂട്ടിലേക്ക് ഓടിച്ചു പോയി. ഒടുവില്‍ വാഹനം മണക്കാലയില്‍ വച്ച് സ്വകാര്യ ബസിന് സൈഡ് കൊടുക്കുവെ നിയന്ത്രണം വിട്ട് റോഡിന് കുറുകെയായി നിര്‍ത്തുകയായിരുന്നു. വീണ്ടും വാഹനം മുന്നോട്ട് എടുക്കാന്‍ ഡ്രൈവര്‍ തുനിയവെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. അഗ്‌നി രക്ഷാ സേനാ ഡ്രൈവര്‍ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. വാഹനത്തില്‍ നിന്നും ഇയാള്‍ ആദ്യം ഇറങ്ങാന്‍ കൂട്ടാക്കിയില്ല. പോലീസ് എത്തിയ ശേഷമാണ് വാഹനത്തില്‍ നിന്നും ഇറങ്ങിയത്. വാഹനം റോഡിന് കുറുകെ 15 മിനുറ്റോളം കിടന്നു. ഇതു കാരണം റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. ഒടുവില്‍ അടൂര്‍ അഗ്‌നി രക്ഷാ സേന നിലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അഗ്‌നി രക്ഷാ സേനയുടെ വാഹനം മാറ്റിയത്.
കായംകുളം ഫയര്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. പിന്നീട് തിരിച്ചു കയറിയപ്പോള്‍ നിലമ്പൂരിലേക്ക് മാറ്റി. അവിടെ നിന്നാണ് ശബരിമല ഡ്യൂട്ടിക്ക് വന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊല്ലത്തേക്ക് പോകുന്ന താന്‍ വാഹനം കടപ്പാക്കടയില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കേസ് എടുത്ത് ജാമ്യത്തില്‍ വിട്ടു.