
അടൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്ര സദ്യാലയത്തിലെ ജനല്‍ പാളികള്‍ ഇടിഞ്ഞു വീണു. സദ്യയില്‍ പങ്കെടുക്കാനെത്തിയവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പാര്‍ത്ഥസാരഥി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ പങ്കെടുക്കാന്‍ ക്യൂ നില്‍ക്കവെ ഗ്രില്ലും കട്ടിളയും അടര്‍ന്നു വീഴുകയായിരുന്നു.
കട്ടിളയുടെ ഒരു പാളിയാണ് വീണത് ക്യൂ നിന്നവര്‍ ഭാഗ്യം കൊണ്ടാണ് പരുക്കില്ലാതെ രക്ഷപ്പെട്ടത്. ഉത്സവത്തോടനുബന്ധിച്ച് ദിനംപ്രതി ഏഴായിരത്തിലധികം പേര് സദ്യയ്ക്ക് എത്തുന്നുണ്ട്. ഉത്സവ ദിവസമായതിനാല്‍ വലിയ തിരക്കുമാണ്. മറ്റ് സൗകര്യമില്ലാത്തതിനാല്‍ നാശാവസ്ഥയിലായ സദ്യാലയത്തില്‍ വച്ചാണ് അന്നദാനം നടത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ കാരണം സദ്യാലയം നാശത്തിന്റെ വക്കിലാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന നിലയിലാണ്. സദ്യാലയം അടിസ്ഥാന സൗകര്യങ്ങളോടെ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഭക്തര്‍ക്ക് വലിയ ഉപകാരമാണ്. സദ്യാലയം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് ഉപദേശകസമതി ഭാരവാഹികളും ഭക്ത ജനങ്ങളും വിവിധ ഹൈന്ദവ സംഘടനകളും നിരവധി പരാതികള്‍ ദേവസ്വം ബോര്‍ഡിനും മറ്റ് അധികൃതര്‍ക്കും നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല.
ഉത്സവത്തിന് മുന്നോടിയായി കെട്ടിടത്തിന് പെയിന്റടിച്ചത് മാത്രമാണ് ആകെ ദേവസ്വം ബോര്‍ഡ് ചെയ്തത്. ഇപ്പോള്‍ സദ്യാലയത്തിന്റെ ഭിത്തികള്‍ വിണ്ടു കീറി ജനലുകളും വാതിലുകളും പൊളിഞ്ഞ് ഇളകി മാറിയ നിലയിലാണ്. ഇലക്ട്രിക് വയറുകള്‍ പൂര്‍ണമായി നശിച്ച് ഭിത്തിയില്‍ നിന്നു അടര്‍ന്നു മാറി കിടക്കുകയാണ്. മേല്‍ക്കൂര അടര്‍ന്ന് മാറി ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി മാറിയത് കാരണം മഴ വെള്ളം സദ്യാലയത്തിനുള്ളില് വീഴും.ഇത് കെട്ടിടത്തിന് കൂടുതല്‍ ബലക്ഷയത്തിനും കാരണമാകുന്നു.
ഫാനുകള്‍ പൂര്‍ണമായും തുരുമ്പിച്ച് താഴെ വീഴാറായ നിലയിലാണ്. സദ്യാലയത്തോട് ചേര്‍ന്ന ശൗചാലയവും കുളിമുറിയും ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. സദ്യാലയം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍, ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും പല തവണ നല്‍കിയിട്ടും യാതൊരു നടപടികളും കൈകൊള്ളാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇതുവരെ തയാറായിട്ടില്ല. ശബരിമല ഇടത്താവളം കൂടിയാണ് ഇത്.