ശബരിമല: സന്നിധാനത്ത് മകരജ്യോതി ദര്‍ശനത്തിന് വന്നവരുടെ തിരക്ക് നിയന്തിക്കാന്‍ പോലീസ് കൊണ്ടു വന്ന മണ്ടന്‍ പരിഷ്‌കാരം പാളി. സ്റ്റാഫ് ഗേറ്റിന് മുന്നില്‍ തീര്‍ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും പോലീസ് മര്‍ദിച്ചു. മഫ്ടിയിലെത്തിയ ഐജി പി. വിജയന്‍ അടി കൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.
പിഞ്ചുകുട്ടികള്‍ അടക്കമുളള തീര്‍ത്ഥാടകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരേയായിരുന്നു പോലീസ് അതിക്രമം. പ്രത്യേക പാസുമായി സ്റ്റാഫ് ഗേറ്റിലൂടെ
തിരുമുറ്റത്തേക്ക് പ്രവേശിക്കാന്‍ എത്തിയ പിഞ്ചു കുട്ടികള്‍ അടക്കമുള തീര്‍ത്ഥാടകരെ പോലീസ് വലിച്ചെറിഞ്ഞു. മാധ്യമ പ്രവര്‍ത്തകരെയും പോലീസ് കൈയ്യേറ്റം ചെയ്തു. സന്നിധാനം സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിന്റെ സാന്നിധ്യത്തില്‍ പോലും പോലിസ് തീര്‍ത്ഥാടകര്‍ക്ക് നേരേ ബലപ്രയോഗത്തിന് മുതിര്‍ന്നു. വൈകിട്ട് നാലു മണി മുതലുളള ഒരു മണിക്കൂര്‍ ആയിരുന്നു തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള പോലീസിന്റെ കൈയാങ്കളി.
പോലീസ് അതിക്രമം അതിരുവിട്ടതോടെ ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ അടക്കമുള്ളവര്‍ സംഘം ചേര്‍ന്ന് പോലീസിന് നേരേ ഗോ ബാക്ക് വിളിച്ചു. സ്റ്റാഫ് ഗേറ്റിന്റെ മുമ്പിലെ തിക്കുംതിരക്കും ഒഴിവാക്കുന്നതിനായി മുന്‍കാലങ്ങളില്‍ ഗേറ്റിന് മൂന്നു വശങ്ങളിലുമായി ബാരിക്കേടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവ ഒഴിവാക്കി നടത്തിയ തിരക്ക് നിയന്ത്രണത്തിലാണ് പോലീസിന് വന്‍പാളിച്ച സംഭവിച്ചത്.
സ്റ്റാഫ് ഗേറ്റിന് ഇരുവശങ്ങളിലുമായി കൈകോര്‍ത്ത് ചങ്ങല സൃഷ്ടിച്ച് ഇതിനുള്ളിലൂടെ പ്രത്യേക പാസുമായി എത്തിയവരെ കടത്തി വിടാന്‍ പോലീസ് നടത്തിയ നീക്കമാണ് തിക്കും തിരക്കിലും കൈയേറ്റത്തിലും കലാശിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ ആജ്ഞകള്‍ പോലും വക വയ്ക്കാതെ ആംഡ് പോലീസ് അടക്കമുള്ളവര്‍ തീര്‍ത്ഥാടകരെ കൈയേറ്റം ചെയ്യുകയായിരുന്നു. അതിനിടെ മഫ്ടിയില്‍ വന്ന ഐജിയെ തിരിച്ചറിയാതെ പോലീസുകാര്‍ കൈയേറ്റത്തിന് ഒരുങ്ങുകയായിരുന്നു. കാര്യങ്ങള്‍ പോലീസിന്റെ കൈ വിട്ടു പോയതോടെ കേന്ദ്ര സേനയെത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.