അജോ കുറ്റിക്കന്‍
കോട്ടയം: യുവാക്കളെ ലക്ഷ്യമിട്ട് പുതുതന്ത്രങ്ങളുമായി സാത്താന്‍ ആരാധകര്‍.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഓഫ് സാത്താന്‍ എന്ന സംഘടനയാണ് സാമൂഹിക മാധ്യങ്ങള്‍ വഴി തങ്ങളുടെ ശൃംഖല വ്യാപകമാക്കാന്‍ നീക്കം തുടങ്ങിയത്. ഇവരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയാണ് ഇവര്‍ കൂടുതല്‍ ആളുകളെ കണ്ടുത്തുന്നത്.
ചര്‍ച്ച് ഓഫ് സാത്താന്‍ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന വെബ്‌സൈറ്റില്‍ സാത്താന്‍ സഭയില്‍ അംഗമാകുന്നതിനുള്ള നിബന്ധനകളും അപേക്ഷാ
ഫോറങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സംഘടനയില്‍ രണ്ടു തരം അംഗത്വ രീതികളാണുള്ളതെന്ന് പറയുന്നു. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും എന്ന നിലയിലാണ് ഘടന. ആക്ടീവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല.
പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പറാകാന്‍ സാധിക്കൂ. ഇങ്ങനെ അംഗമാകുന്നവര്‍ക്ക് തിരിച്ചറിയുന്നതിനായി ചുവപ്പ് നിറത്തിലുള്ള പ്രത്യേക കാര്‍ഡും നല്‍കും. ഈ കാര്‍ഡ് കൈവശമുള്ളവരെ മാത്രമേ പ്രാദേശികമായുള്ള സാത്താന്‍ ആരാധക സംഘങ്ങളുമായി ബന്ധപ്പെടുത്തുകയുള്ളൂ.അംഗങ്ങളല്ലാത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും അംഗമായി ചേരുന്നതിനുള്ള നിബന്ധനകളില്‍ പറയുന്നു.
മഹാപുരോഹിതന്‍, ഒന്‍പത് അംഗ കൗണ്‍സില്‍ എന്നിവരടങ്ങുന്നതാണ് സാത്താന്‍ സഭയുടെ ഭരണ സമിതി. ഒരംഗത്തിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയാല്‍ പുറത്താക്കാന്‍ ഭരണസമിതിക്ക് പൂര്‍ണ അധികാരമുണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
സാത്താന്‍ സഭയുടെ വെബ്‌സൈറ്റില്‍ ഗേറ്റ്‌വേ ആയി നല്‍കുന്ന ലിങ്കുകള്‍ വഴി ആക്‌സസ് ചെയ്തതിന് ശേഷം ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ വാങ്ങുന്ന സാധനങ്ങളുടെ വിലയുടെ ഒരു ചെറിയ ശതമാനം തങ്ങള്‍ക്ക് ലഭിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.
നാളെ : കേരളത്തിലും സാത്താന്‍ ആരാധന സംഘങ്ങള്‍ സജീവമാകുന്നു