
അജോ കുറ്റിക്കന്‍
കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലും സാത്താന്‍ തരംഗം.
സാത്താനെ ആരാധിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയാണ് ഫേസ് ബുക്ക് ഉള്‍പ്പെടെയുളള സാമൂഹിക മാധ്യമങ്ങളില്‍ ദീര്‍ഘകാലത്തെ ഇടവേളകള്‍ക്കു ശേഷം വീണ്ടും സജീവമാകുന്നത്. സാത്താനിക്, സാത്താന്‍, ദി സാത്താനിക് ബൈബിള്‍ തുടങ്ങിയ പേജുകളും കമ്മ്യൂണിറ്റികളുമാണ് സാത്താന്‍ ആരാധകര്‍ നിര്‍മിച്ചിരിക്കുന്നത്.
വളരെ രഹസ്യ സ്വഭാവമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് പ്രയാസമാണ്. കൂടുതലും വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് സാത്താന്‍ സേവകളില്‍ പങ്കെടുക്കുമെന്നാണ് വിവരം. മുമ്പ് മധ്യകേരളത്തില്‍ സാത്താന്‍ സേവക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇരുപതിനായിരം മുതല്‍ നാല്‍പ്പത്തിനായിരം വരെയാണ് സാത്താന്‍ സേവയില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്. പുതുതായി എത്തുന്നവരെ ഇതില്‍ പങ്കെടുപ്പിക്കില്ല. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമാകും ഇത്തരത്തിലുള്ളവരെ ചടങ്ങുകളില്‍ പ്രവേശിപ്പിക്കുക. കറുത്ത നിറത്തിലുള്ള തുണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഹാളില്‍ കടന്നാല്‍ കറുത്ത വസ്ത്രം അണിയണം. മങ്ങിയ വെളിച്ചത്തില്‍ ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ആരാധന.
ഇതിനിടയില്‍ കോട്ടയത്തും തിരുവനന്തപുരത്തും ഇടുക്കിയിലുമായി അഞ്ച് സാത്താന്‍ ആരാധനാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇടുക്കിയിലെ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് തമിഴ് നാട്ടില്‍ നിന്നുള്ള ചിലരും ലഹരി മാഫിയയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധന നടക്കുന്നത് എവിടെയാണെന്നു മാത്രം കണ്ടെത്താനായിട്ടില്ല.
ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള കുര്‍ബാനയുടെ വികൃതാനുകരണമെന്ന് അറിയപ്പെടുന്ന കറുത്ത കുര്‍ബാന അര്‍പ്പിച്ചാണിവര്‍ സാത്താനെ ആരാധിക്കുന്നത്. സാത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെ തുടങ്ങുന്ന ശുശ്രൂഷ മൂന്നുമണിക്കൂറിലധികം നീളും. മദ്യവും മയക്കുമരുന്നും ഇതിന്റെ ഭാഗമാണ്. നഗ്‌നനൃത്തത്തിലും പരസ്യമായ അനാശാസ്യത്തോടെയാണ് സാത്താന്‍പൂജ അവസാനിക്കുക.
കറുത്ത പുരോഹിത വസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. കറുത്ത മെഴുകുതിരികള്‍, തലതിരിഞ്ഞ കുരിശ് തുടങ്ങിയവയും ആരാധനയില്‍ ഉപയോഗിക്കും. ബലിപീഠത്തില്‍ പൂര്‍ണ നഗ്‌നയായ സ്ത്രീയോ പന്നിയോ ആടോ ഉണ്ടായിരിക്കും. 2021,2022,2023 എന്നീ വര്‍ഷങ്ങളിലെ അക്കങ്ങളിലുള്ള 0 മാറ്റി കൂട്ടുമ്പോള്‍ 666 എന്ന സംഖ്യ കിട്ടും. ഇത് സാത്താനിക് സംഖ്യയാണെന്നാണ് ആരാധകരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഈ വര്‍ഷം കേരളത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോട്ടയം, എന്നിവിടങ്ങളില്‍ ശൃംഖലയുള്ള ആശുപത്രി ഉടമയാണ് കേരളത്തിലെ സാത്താന്‍ ആരാധനകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നതെന്ന് നേരത്തെ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നതായാണ് വിവരം. ഇയാളുടെ നേതൃത്വത്തിലാണ് വീണ്ടും സാത്താന്‍ ആരാധനയ്ക്ക് തുടക്കമിട്ടതെന്നാണ് അറിയുന്നത്.
(തുടരും)