സുരക്ഷയുടെ കൂട്ടിൽ അവർ വളരട്ടെ

18 second read
Comments Off on സുരക്ഷയുടെ കൂട്ടിൽ അവർ വളരട്ടെ
0

സജീവ് മണക്കാട്ടുപുഴ

“Daughters are Angels sent from above to fill our Hearts with unending Love…”

‘നമ്മുടെ ഹൃദയങ്ങളെ അനന്തമായ സ്നേഹം കൊണ്ട് നിറയ്ക്കാൻ സ്വർഗത്തിൽ നിന്നും അയക്കപ്പെട്ട മാലാഖമാരാണ് പെൺകുഞ്ഞുങ്ങൾ ‘ എന്ന് സാരം.

അമ്മയ്ക്ക് തോഴിയായും, അച്ഛന് രാജകുമാരിയായും വാഴേണ്ടവളാണ് മകൾ, ഏത് സാഹചര്യത്തിലും. അവൾ സുരക്ഷയുടെയും സ്നേഹവാത്സല്യങ്ങളുടെയും കരുതലിന്റെയും കൂടിനുള്ളിൽ വളരേണ്ടതുണ്ട്. പക്ഷെ, എത്രത്തോളം ഈ പറയുന്ന തരത്തിൽ പെൺകുഞ്ഞുങ്ങൾ വളരുന്നുണ്ട് എന്നത് ഏറെ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. സ്ത്രീകളും കുട്ടികളും സുരക്ഷിതരായി കഴിയുന്ന ഇടങ്ങളിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും. ലോകത്ത് പക്ഷെ, ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടുന്ന വിഭാഗമാണ് ഇക്കൂട്ടർ എന്നത് വലിയ സത്യമാണ്.

ഇവർ നിരന്തരം പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ലോകത്ത് വ്യാപകമാണ്. ഏറ്റവും കൂടുതൽ നിയമസുരക്ഷയുള്ള വിഭാഗമാണ് സ്ത്രീകളും കുട്ടികളും. എന്നാൽ സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി അതിക്രമങ്ങൾക്കിരയാകുന്ന വാർത്തകൾക്ക് പഞ്ഞമില്ലാത്ത കാലത്തിലാണ് നാം ജീവിക്കുന്നത്. തലമുറകളുടെ സൃഷ്ടിപ്പ് നിയോഗമാക്കപ്പെട്ട പെൺജന്മങ്ങൾ സുരക്ഷിതരല്ലാത്ത സാഹചര്യം പരിഷ്കൃത സമൂഹങ്ങൾക്ക് ഭൂഷണമല്ല. ദിനവും പെൺകുഞ്ഞുങ്ങൾ ഇരകളാവുന്ന കേസുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന സ്ഥിതിയാണ്.

പെൺകുട്ടികൾ കണ്ണിലുണ്ണികളായി വളർത്തപ്പെട്ട്, സുരക്ഷിത ജീവിത സാഹചര്യങ്ങളിൽ എത്തപ്പെടുന്നതിന്റെ അനിവാര്യത സമൂഹത്തെ ഓർമപ്പെടുത്താൻ ഇന്ത്യയിൽ ഒരു ദിനാചരണമുണ്ട്, ദേശീയ ബാലികാദിനം, അത് ഇന്നാണ്,
ജനുവരി 24.
യു എൻ ആഹ്വാനപ്രകാരം പെൺകുട്ടികൾക്കായി അന്താരാഷ്ട്രത്തലത്തിൽ എല്ലാവർഷവും ഒക്ടോബർ 11 ഇത്തരത്തിൽ ആചരിക്കപ്പെടുന്നുണ്ട്.
നമ്മുടെ രാജ്യത്ത് ആചരണം തുടങ്ങിയത് 2008 മുതലാണ്, വനിതാ ശിശു വികസന മന്ത്രാലയമാണ് സംഘാടകർ.

ഇന്ത്യൻ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണമാണ് നമ്മുടെ ദേശീയ ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം.
പെൺകുഞ്ഞുങ്ങളുടെ മുഴുവൻ സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ബോധവൽക്കരണപ്രവർത്തനങ്ങൾ ഈദിവസം നടക്കും.
പെൺ ജന്മങ്ങൾ ഒരുപാട് പ്രതിസന്ധികൾ നേരിടുന്ന ലോകക്രമത്തിലാണ് നമ്മളുള്ളത്, പെൺകുഞ്ഞാണെങ്കിൽ ജീവനോടെ കൊന്ന് കുഴിച്ചുമൂടിയിരുന്ന പ്രാകൃതമായ പൂർവചരിത്രം മാനവനുണ്ട്. അവിടെനിന്നും മുന്നോട്ടുപോയ മനുഷ്യൻ, പെൺകുഞ്ഞെന്ന് നേരത്തെ അറിഞ്ഞാൽ ഗർഭത്തിൽ വച്ച് തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലുമെത്തി.

ലോകത്തെല്ലായിടത്തും പെൺകുട്ടികൾ പ്രശ്നങ്ങളും അതിക്രമങ്ങളും നേരിടുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ, ആരോഗ്യകാര്യത്തിൽ, പോഷകാഹാരത്തിൽ, ബാലവിവാഹത്തിന്റെ രൂപത്തിൽ, നിയമപരമായ അവകാശങ്ങളുടെ കാര്യത്തിൽ, വൈദ്യസഹായം ലഭ്യമാക്കുന്നതിൽ, സുരക്ഷ ഉറപ്പാക്കുന്നതിൽ, മാന്യമായ പെരുമാറ്റത്തിന്റെ കാര്യത്തിൽ തുടങ്ങി എല്ലാരംഗങ്ങളിലും പ്രതിസന്ധി നേരിടുന്നു. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കുഞ്ഞുങ്ങളെ വിശിഷ്യാ പെൺകുട്ടികളെ സുരക്ഷിതമായി വളർത്തിക്കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ് ഇക്കാലത്ത്. സമൂഹത്തിന് ബോധവൽക്കരണം അനിവാര്യമാണ് ഇക്കാര്യത്തിൽ എന്നത് കൂടി ഉൾക്കൊണ്ടാണ് ഇങ്ങനൊരു ദിനാചരണം ഇന്ത്യയിൽ നടത്തിവരുന്നത്.

‘Beti bachao, beti padhao (Save the girl child, educate the girl child )’

എന്നപേരിൽ കാമ്പയിൻ ഇന്ത്യാ ഗവണ്മെന്റ് 2015 ജനുവരി 22 ന് കൊണ്ടുവന്നു.
ആളുകൾക്ക് ഈ വിഷയത്തിൽ ബോധവൽക്കരണം നൽകുക, പെൺകുട്ടികൾക്കുള്ള സേവനങ്ങളും ക്ഷേമപ്രവർത്തനങ്ങളും ലഭ്യമാക്കുക, അവർക്കെതിരായ അതിക്രമങ്ങൾ തടയുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ ഹരിയാനയിലെ പാനിപ്പട്ടിലാണ് ഇത് തുടങ്ങിയത്. തുടക്കത്തിൽ 100 കോടിയായിരുന്നു പ്രവർത്തന മൂലധനം.

ഐക്യ രാഷ്ട്ര സംഘടനയുടെ 2014 ലെ കണക്ക് പ്രകാരം ലോകത്താകെ 62 ദശലക്ഷം പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നുണ്ട്. ലോകത്ത് അഞ്ചിനും പതിനാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ വീടുകളിൽ 160 ദശലക്ഷം മണിക്കൂർ വിവിധ ജോലികൾ ചെയ്യുന്നുണ്ട്.

ബാലവിവാഹത്തിന്റെ അപകടകരമായ സ്ഥിതിയിലാണ് ലോകം. ആഗോളമായി നോക്കുമ്പോൾ നാലിൽ ഒരു പെൺകുട്ടി 18 വയസ്സിനുമുമ്പ് വിവാഹിതയാകുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ അവിടുത്തെ ദാരിദ്ര്യം കാരണം ബാലവിവാഹം ഉയർന്ന തോതിൽ നടക്കുന്നു. കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ എന്നിവടങ്ങളിൽ എണ്ണം 50% ന് മുകളിലാണ്. 15 വയസ്സെത്തും മുമ്പ് ഈ രാജ്യങ്ങളിൽ കുട്ടികളെ കല്യാണം കഴിപ്പിച്ചു വിടുന്നുണ്ട്.

വർഷം തോറും 12 ദശലക്ഷം പെൺകുഞ്ഞുങ്ങൾ ലോകത്ത് 18 വയസ്സ് ആകും മുമ്പ് വിവാഹിതരാകുന്നു എന്നും യു എൻ കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്താകെ ലൈംഗിക അതിക്രമങ്ങൾക്കും, വിവിധ ആവശ്യങ്ങൾക്കുള്ള മനുഷ്യക്കടത്തിനുമൊക്കെ ഇരകളാക്കപ്പെടുന്ന കുട്ടികൾ ലക്ഷക്കണക്കിനാണ്.

UNICEF റിപ്പോർട്ട്‌ പ്രകാരം ലിംഗസമത്വത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ ലോകത്ത് വലിയ വിവേചനം അനുഭവിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ ഭേദഗതി ചെയ്യപ്പെട്ടത് പ്രകാരം 21 വയസ്സിനു താഴെയുള്ളവർ വിവാഹിതരാവാൻ പാടില്ലെന്നാണ് നിയമം.1998 ലെ സാമ്പ്ൾ സർവ്വെ അനുസരിച്ച് ഇന്ത്യയിൽ ശൈശവ വിവാഹം 47 % ആണ്.2001 സെൻസസ് പ്രകാരം 10 വയസ്സിനു താഴെയുള്ള പെൺകുട്ടികളിൽ വിവാഹം നടക്കുന്നത് അപൂർവമാണ്, 10 നും 14 നുമിടയിലാണ് ഏറെയും ശൈശവ വിവാഹങ്ങൾ. 2005 നും 2009 നുമിടയിൽ ബാലവിവാഹം 46% കണ്ട് കുറഞ്ഞുവെന്ന ആശാവഹമായ റിപ്പോർട്ടും ഉണ്ട്. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ ബാലവിവാഹം ജാർഖണ്ഡിലാണ്.14.1%.

ഏറ്റവും കുറവ് ജമ്മു & കാശ്മീരിലാണ് 0.4%. മറ്റൊരു കാര്യം പട്ടണങ്ങളെക്കാൾ ഗ്രാമങ്ങളിലാണ് ഇത് അധികം നടക്കുന്നത് എന്നതാണ്, ഏതാണ്ട് മൂന്നിരട്ടി.
ബാലവിവാഹ നിരോധന നിയമം ഇന്ത്യയിൽ ശക്തമാണ്,1929 ൽ നിയമം വന്നു. ആദ്യം വിവാഹ പ്രായം പെൺകുട്ടികൾക്ക് 14 ഉം ആൺകുട്ടികൾക്ക് 18 മായിരുന്നു. അത് പലതവണയായി വർധിച്ച് ഇപ്പോൾ 21 ആക്കിയിരിക്കുന്നു.

മനുഷ്യക്കടത്ത് ലോകത്ത് ഏറ്റവും വ്യാപകമായിക്കഴിഞ്ഞ കുറ്റകൃത്യമാണ്. ലൈംഗിക ചൂഷണം, ബാലവേല, അവയവങ്ങൾ മാറ്റിവക്കൽ, തുടങ്ങി പലതരത്തിൽ അപരിഷകൃതമെന്നും നീചമെന്നും വിശേഷിപ്പിക്കാവുന്ന കുറ്റകൃത്യം അരങ്ങേറുന്നുണ്ട്. രാജ്യാതിർത്തികളിലൂടെ നിർബാധം ആളുകളെ പ്രത്യേകിച്ചും കുട്ടികൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
പെൺകുട്ടികളുടെ വിവാഹ പ്രായം കൂട്ടുന്ന കാര്യത്തിൽ പ്രധാന മന്ത്രി 2020 സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ നൽകിയ വാക്ക് പാലിച്ചുകൊണ്ട്, 2021 ഡിസംബറിൽ പ്രായം 18 ൽ നിന്നും 21 ആക്കിക്കൊണ്ടുള്ള ബില്ല് കേന്ദ്രമന്ത്രിസഭ അംഗീകരിക്കത്തക്കവിധം കാര്യങ്ങൾ ക്രമീകരിച്ചു. ഇപ്പോൾ രാജ്യത്ത് ആണിന്റെയും പെണ്ണിന്റെയും വിവാഹപ്രായം 21 ആയി ഏകീകരിക്കപ്പെട്ടിരിക്കുന്നു. പെൺകുട്ടികളുടെ ആരോഗ്യം, പോഷകാഹാരം തുടങ്ങിയവ മെച്ചപ്പെടുത്താൻ ഈ നീക്കം ഏറെ ഉപകാരപ്പെടും എന്ന് വിലയിരുത്തപ്പെടുന്നു. ഇതു സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്‌സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ല് അവതരിപ്പിക്കപ്പെട്ടത്.

ലൈംഗിക അതിക്രമങ്ങൾ എല്ലായിടത്തും ഏറെ വർധിച്ചിരിക്കുന്നു, കുഞ്ഞുങ്ങൾ വലിയ തോതിൽ ഇരകളാവുകയാണ്. വ്യാപകമായ ബോധവൽക്കരണം അനിവാര്യമായിരിക്കുന്നു. പെൺകുട്ടികളുടെ സുരക്ഷ ഏതൊരു രാജ്യത്തിന്റെയും ഭാസുരമായ ഭാവിക്ക് അത്യാവശ്യം തന്നെയാണ്. ഇതൊക്കെ തിരിച്ചറിഞ്ഞാണ് ഇത്തരമൊരു ദിനാചരണം ഇന്ത്യയിൽ ഏർപ്പെടുത്തപ്പെട്ടത്. നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരായി വളരാൻ വേണ്ട സാഹചര്യം ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതിന് ഇത്തരം ദിനാചരണങ്ങൾ ഹേതുവായിതീരട്ടെ എന്നാശിക്കാം

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …