
പത്തനംതിട്ട: പിഞ്ചു സഹോദരിമാരെ പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പോക്‌സോ കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിനതടവ്. മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 100 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ കുഞ്ഞിന്റെ എട്ടര വയസുള്ള സഹോദരിയെ പീഡിപ്പിച്ച കേസില്‍ വിധി വന്നത്. അതില്‍ 104 വര്‍ഷം കഠിനതടവിനാണ് വിധിച്ചിരിക്കുന്നത്.
പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെയാണ് എട്ടു വയസുകാരിയെ പീഡിപ്പിച്ചതിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി എ. സമീര്‍ 104 വര്‍ഷം കഠിനതടവിനും 420000 രൂപ പിഴയടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം.
പിഴ അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നല്‍കണം. രണ്ടാം പ്രതിയും വിനോദിന്റെ അടുത്ത ബന്ധുവുമായ രാജമ്മയെ താക്കീതു നല്‍കി കോടതി വിട്ടയച്ചു. അതിജീവതയുടെ സഹോദരി മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഈ പ്രതിയെ ഇതേ കോടതി 100 വര്‍ഷം കഠിനതടവിനു നാല് ലക്ഷം രൂപ പിഴ അടക്കാനും കഴിഞ്ഞ 11 ന് വിധിച്ചിരുന്നു. 2020-21 കാലയളവില്‍ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.ഡി. പ്രജീഷ് ആണ് കേസ് അനേ്വഷിച്ച് ചാര്‍ജ് ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ ആക്ട് വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി.
വിനോദിനെ കുടുക്കിയത് ദൃക്‌സാക്ഷിയും എട്ടുവയസുകാരിയുടെ തുറന്നു പറച്ചിലും
മൂന്നര വയസുള്ള തന്റെ അനുജത്തിക്ക് നേരിടേണ്ടി വന്ന പീഡനത്തിന് ദൃക്‌സാക്ഷിയായ എട്ടു വയസുകാരി കോടതിയില്‍ അക്കാര്യം തുറന്നു പറഞ്ഞതാണ് ആദ്യ കേസില്‍ വിനോദ് ശിക്ഷിക്കപ്പെടാന്‍ കാരണമായത്. പോക്‌സോ കേസിന് ദൃക്‌സാക്ഷി, അതും ഒരു എട്ടു വയസുകാരി എന്ന അപൂര്‍വത കുറിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവ് വിധിക്കുകയാണ് കോടതി ചെയ്തത്. നാലു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു.
അപൂര്‍വമായാണ് ഇത്രയും കൂടിയ കാലയളവ് ശിക്ഷ വിധിക്കുന്നത്. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാല്‍ മതിയാകും.
അതിജീവിതയുടെ മൂത്ത സഹോദരിയായ എട്ടു വയസുകാരിയാണ് ദൃക്‌സാക്ഷി. ഈ കുഞ്ഞിനെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അടൂര്‍ പോലീസ് ആദ്യം കേസ് എടുത്തത് അതിനായിരുന്നു. ഈ കേസില്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. ഇളയ കുട്ടിക്കും പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നല്‍കണം അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. വിനോദ് കേസില്‍ ഒന്നാം പ്രതിയാണ്. ഇയാളുടെ അടുത്തബന്ധു രാജമ്മയാണ് രണ്ടാം പ്രതി. ഇവരെ കോടതി താക്കീത് നല്‍കി വിട്ടയച്ചു.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കവേ ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടര്‍ന്നാണ് അടൂര്‍ പോലീസിനെ സമീപിച്ചതും കേസെടുപ്പിച്ചതും.