
കോന്നി: റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പു ചടങ്ങുമായി ബന്ധപ്പെട്ട് ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയ 19 കാരനെതിരെ കേസ്. വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്ത കാര്‍ ഓടിച്ചു കയറ്റി മുറ്റത്ത് വട്ടത്തില്‍ ഓടിച്ച് പൊടിപറത്തി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവര്‍ ചീങ്കല്‍ തടം മണ്ണാറക്കുളഞ്ഞി വാഴക്കുന്നത്ത് ജോ സജി വര്‍ഗീസ്സ് (19) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.
ഇയാള്‍ വിദ്യാര്‍ത്ഥി അല്ല, വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്ക് ഇത്തരം കാറുകള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ ഡ്രൈവര്‍ ആയി പോകുന്നയാളാണ്. ഇയാളെ കുട്ടികള്‍ വിളിച്ചു കൊണ്ടു വന്നതാണ്.കലഞ്ഞൂര്‍ വയലിറക്കത്ത് വീട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജിന്റേതാണ് കാര്‍. അധ്യാപകര്‍ അറിയിച്ചതുപ്രകാരം സ്‌കൂളിലെത്തി പോലീസ് കാറും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡിവൈ.എസ്.പി ടി. രാജപ്പന്റെ നിര്‍ദേശപ്രകാരം, പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.