പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കരാറുകാരനുമായി ഒത്തുകളിച്ച് സര്‍ക്കാരിന് നഷ്ടമാക്കിയത് 20.72 ലക്ഷം: അടൂര്‍-മണ്ണടി റോഡ് നിര്‍മാണത്തിലെ അഴിമതിയില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

3 second read
Comments Off on പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കരാറുകാരനുമായി ഒത്തുകളിച്ച് സര്‍ക്കാരിന് നഷ്ടമാക്കിയത് 20.72 ലക്ഷം: അടൂര്‍-മണ്ണടി റോഡ് നിര്‍മാണത്തിലെ അഴിമതിയില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
0

പത്തനംതിട്ട: അടൂര്‍-മണ്ണടി റോഡ് വികസനവുമായി ബന്ധപ്പെട്ട് കരാറുകാരനുമായി ഒത്തുകളിച്ച് സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിയെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം പൊതുമരാമത്ത് സെക്രട്ടറിയാണ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.

അടൂര്‍-വെള്ളക്കുളങ്ങര-മണ്ണടി റോഡ് നിര്‍മ്മാണത്തില്‍ 20.72 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട യൂണിറ്റ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളികള്‍ വെളിച്ചത്തായത്. കരാറുകാരനായ രാജി മാത്യു, പി.ഡബ്ല്യു.ഡി പന്തളം മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.ആര്‍. മനുകുമാര്‍, അടൂര്‍ മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. ബിനു എന്നിവര്‍ ചേര്‍ന്നു നടത്തിയ ക്രമക്കേടുകളിലൂടെ പൊതുഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്താണ ്തുടരന്വേഷണം പ്രഖ്യാപിച്ചത്.

2021-22 കാലയളവിലാണ് അടൂര്‍ മണ്ണടി റോഡ് നിര്‍മാണം നടന്നത്. കോട്ടയം സ്വദേശി രാജി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. മെറ്റല്‍, മണല്‍, ടാര്‍ എന്നിവ വേണ്ടത്ര അളവില്‍ ഉപയോഗിക്കാതെയാണ് നിര്‍മാണം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാന വ്യാപകമായി ഈ കാലയളവില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അടൂര്‍-മണ്ണടി റോഡ് നിര്‍മാണം വിജിലന്‍സ് യൂണിറ്റ് അന്വേഷിച്ചത്. വെട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമായതിനേ തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്.

നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത സാധനങ്ങളുടെ അളവ് സംബന്ധിച്ച വിവരങ്ങള്‍ മെഷര്‍മെന്റ് ബുക്കില്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മെറ്റല്‍ അടക്കമുള്ള വസ്തുക്കള്‍ വന്‍ തോതില്‍ അധികം വന്നതായി ഇതു സംബന്ധിച്ച കണക്കെടുപ്പില്‍ വ്യക്തമായി. കരാറുകാരന്‍ എംബുക്കില്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരായ മനുവും ബിനുവും ചേര്‍ന്ന് സാക്ഷ്യപ്പെടുത്തിയതായും കണ്ടെത്തി. കരാറുകാരനും ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വെട്ടിപ്പില്‍ മൊത്തം നഷ്ടം 20,72,008 രൂപയുടേതാണെന്നും ഇതു കരാര്‍ കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികയിലുള്ള ബിനുവിന്റെ ഇടപെടല്‍ ഉണ്ടായേക്കുമെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്ത് സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…