ഇടുക്കി: വരുമാന സര്‍ട്ടിഫിക്കറ്റു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയകേസില്‍ അറസ്റ്റിലായ ഇടുക്കി തഹസില്‍ദാരെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിക്ക് സമീപം താമസിക്കുന്ന ജയ്ഷ് ചെറിയാനാണ് റിമാന്‍ഡിലായത്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
കാഞ്ചിയാര്‍ പള്ളിക്കവല മുത്തോലില്‍ സാജു ആന്റണി നല്കിയ പരാതിയിലാണ് തഹസീല്‍ദാര്‍ പിടിയിലായത്.സാജുവിന്റെ മകന് കിഷോറിന് ഓസ്ട്രേലിയയില്‍ ഉപരിപഠനം നടത്തുന്നതിനായി 25,00,000 രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിന് സാജുവും തഹസീല്‍ദാരുടെ പരിചയക്കാരനുമായ കാഞ്ചിയാര്‍ സ്വദേശി സിബിയും ഒരുമിച്ച് 15ന് തഹസീല്‍ദാരുടെ വീട്ടിലെത്തി വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തിരക്കിയിരുന്നു. സംസാര മധ്യേ സര്‍ട്ടിഫിക്കറ്റ് താമസം കൂടാതെ നല്‍കുന്നതിന് കൈക്കൂലിയായി 12,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കാഞ്ചിയാര്‍,വണ്ടന്മേട് എന്നീ വില്ലേജ് ഓഫീസുകളില്‍ നിന്നും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ അപേക്ഷ സാജു വില്ലേജ് ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റി 18ന് ഇടുക്കി താലൂക്ക് ഓഫീസിലെത്തി നല്കി.
പിന്നീട് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ടു. തുക നല്കാതിരുന്നതു കാരണം സര്‍ട്ടിഫിക്കറ്റ് നല്കാന് തഹസില്‍ദാര്‍ തയാറായില്ല. സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെട്ട് ഇന്നലെ സാജു തഹസീല്‍ദാരെ ഫോണില്‍ വിളിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി തന്റെ കൈവശം വച്ചിട്ടുണ്ടെന്നും 10,000 രൂപ താന്‍ അയച്ചു നല്കുന്ന അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയതിന്റെ സ്ക്രീന്‍ ഷോട്ട് നല്കിയ ശേഷം വീട്ടില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
സാജു പണം അയയ്ക്കുന്നതിന് അക്കൗണ്ട് നമ്പര്‍ അയച്ച് നല്‍കുന്നതിന് തഹസീല്‍ദാരെ വിളിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കി തന്റെ കാറില്‍ വച്ചിട്ടുണ്ടെന്നും രാത്രി 7.45 മണിയോടെ 10,000 രൂപയുമായി തഹസീല്‍ദാര്‍ വീട്ടില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു .തുടര്‍ന്ന് പരാതിക്കാരന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടില്‍നിന്നാണ് ജയ്ഷ് ചെറിയാനെ അറസ്റ്റു ചെയ്തത്.