
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയുടെ മുഖ്യസംഘാടകരായിട്ടുള്ള പള്ളിയോട സേവാസംഘത്തിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം. 17 അംഗ നിര്‍വാഹകസമിതിയിലേക്ക് 35 പേരാണ് മത്സരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനേക്കാള്‍ വീറും വാശിയും നിറഞ്ഞതാണ് പ്രചാരണം. ഇന്നലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. 19 വരെ പത്രിക പിന്‍വലിക്കാന്‍ കഴിയും. അഭിഭാഷകനായ മുടിയൂര്‍ക്കോണം ബി.ഗോപകുമാറാണ് വരണാധികാരി. നടപടി ക്രമങ്ങള്‍ ആരംഭിക്കും മുന്‍പേ കരകളില്‍ നേതാക്കളും അണികളും പ്രവര്‍ത്തനം സജീവമാക്കി.
പ്രതിനിധികളെക്കാള്‍ കൂടുതല്‍ പിന്നില്‍ നിന്നും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതിനാല്‍ വീറും വാശിയും ഏറിയിട്ടുണ്ട്. സംഘത്തിന്റെ ഭരണ സമിതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പള്ളിയോടങ്ങളുടെ ചരിത്രം എങ്കിലും രാഷ്ര്ടീയ സാമുദായിക ഇടപെടലുകള്‍ അടുത്ത കാലത്തായി സേവാ സംഘം പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കിഴക്ക് വടശേരിക്കര മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ 52 പമ്പാതീര കരകള്‍ ഉള്‍പ്പെടുന്നതാണ് ആറന്മുള പള്ളിയോട സേവാസംഘം. ഓരോ കരകളില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ക്ക് വീതമാണ് വോട്ടവകാശം ഉള്ളത്. ഇതില്‍ രണ്ട് കരകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യഥാസമയം തെരഞ്ഞെടുപ്പ് നടന്നില്ല. ഇതുമൂലം ഈ കരകള്‍ വോട്ടര്‍ പട്ടികയിലില്ല.
ഒരു പ്രതിനിധിയുടെ മരണവും ഉണ്ടായതോടെ വോട്ടവകാശം 99 ആയി. ഇതില്‍ 35 പേരാണ് രണ്ടു പാനലുകളിലായി പത്രിക നല്‍കിയിരിക്കുന്നത്. പള്ളിയോട കരകളില്‍ നിന്നും തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ ജയിപ്പിച്ചെടുക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്ന നേതാക്കള്‍ ഇവിടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. കൂടുതല്‍ പള്ളിയോടങ്ങളുടെ ഉടമകള്‍ എന്‍.എസ്.എസ് കരയോഗങ്ങള്‍ ആയതിനാല്‍ ഇവരുടെ പിന്തുണ അനിവാര്യമാണ്. പ്രാദേശിക കരയോഗങ്ങളെ ഭിന്നിപ്പിച്ച് എന്‍.എസ്.എസ് നേതൃത്വത്തിന് എതിരാക്കാനുള്ള ശ്രമവും സജീവമാണ്. സംഘ പരിവാര്‍ സംഘടനകളുടെ സഹായവും ഇവര്‍ രഹസ്യമായും പരസ്യമായും തേടുന്നുണ്ട്. എന്നാല്‍ സംഘ പരിവാറിന് ഇതുമായി ബന്ധമില്ലെന്ന് ഒരു വിഭാഗം പറയുന്നു. ഇരുപാനലുകളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉണ്ടെന്നുള്ളത് ഇതിനു ഉദാഹരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരള സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ ഇടത് സഹയാത്രികര്‍ വേണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ കൂടുതല്‍ പ്രഖ്യാപിത സഹായം കേന്ദ്രത്തില്‍ നിന്നുമാണെന്നും ഇതിനാല്‍ ഇവരെ അനുകൂലിക്കുന്നവര്‍ ആയാല്‍ കൊള്ളാമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇതൊക്കെ ഉറപ്പിക്കുകയാണ് നേതാക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്. 17 അംഗ നിര്‍വാഹക സമിതിയില്‍ കിഴക്കന്‍ മേഖലയില്‍ നിന്നും അഞ്ചും മധ്യ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും ആറും പ്രതിനിധികളെ വീതം വേണം തെരഞ്ഞെടുക്കേണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സഹായവും വഴിപാട് വള്ളസദ്യകളിലൂടെ ലഭിക്കുന്ന വരുമാനമാണ് പ്രധാന ധന സ്രോതസ്. പള്ളിയോടങ്ങളുടെ ഗ്രാന്റ് ക്രമാനുഗതമായ വര്‍ദ്ധനവിലൂടെ രണ്ട് ലക്ഷം രൂപ വരെ ആക്കുകയും ചെയ്തിട്ടുണ്ട്. കോടികളുടെ ബജറ്റ് ഉള്ള സ്ഥാപന ഭരണം നേടാന്‍ പലര്‍ക്കും ഇതിനാല്‍ തന്നെ താത്പര്യമുണ്ട്. എം.പി, എം.എല്‍.എ തുടങ്ങിയവരുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുള്ള സഹായവും പലപ്പോഴായി സേവാ സംഘത്തിന് ലഭിക്കുന്നുണ്ട്. എം.എല്‍.എമാരായിരുന്ന എസ്. രാമചന്ദ്രന്‍ പിള്ള, കെ.ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ പള്ളിയോട സേവാ സംഘം പ്രസിഡന്റുമാരായിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.എന്‍.ഉപേന്ദ്ര നാഥ കുറുപ്പ്, ഡോ .കെ.ജി.ശശിധരന്‍ പിള്ള, കെ.വി.സാംബദേവന്‍ എന്നിവര്‍ പള്ളിയോട സേവാസംഘത്തെ നയിച്ചു. ഇടവേളക്ക് ശേഷം കെ.വി.സാംബദേവന്റെ നേതൃത്വത്തിലുള്ള പാനലും നിലവിലെ വൈസ് പ്രസിഡന്റ് സുരേഷ് വെണ്‍പാല നയിക്കുന്ന പാനലും തമ്മിലാകും മത്സരം.