പന്തളം: സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി സെക്യൂരിറ്റി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്പിലൂടെ പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണികള്‍ പിടിയിലായി. മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂര്‍ തറമണ്ണില്‍ വീട്ടില്‍ മുസമ്മില്‍ തറമേല്‍(36), കോഴിക്കോട് കുരുവട്ടൂര്‍ ചെറുവട്ട പറമ്പില്‍ ഒറയനാരി ധനൂപ് ( 44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഓ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പ്രതികളെ പിടികൂടിയത്.
തോന്നല്ലൂര്‍ ദീപൂസദനത്തില്‍ ദീപു ആര്‍. പിള്ളയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഷെയര്‍ മാര്‍ക്കറ്റ് ആണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിച്ച് ഐസിഐസിഐ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചു. തുടര്‍ന്ന്, നിതീഷ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 426,100 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് മുസമ്മില്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് മലപ്പുറം വേങ്ങര പോലീസ് സേ്റ്റഷന്‍ പരിധിയിലും സാമ്പത്തിക തട്ടിപ്പിന് കേസ് ഉണ്ട്. നിലവില്‍ അഞ്ചു ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉണ്ട്. കുരമ്പാല ഗോപു സദനത്തില്‍ കെ.കെ. സന്തോഷിനെ വാട്‌സാപ്പിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ സ്‌റ്റോക്ക് ബ്രോക്കിങ് ആണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് പലതവണയായി 1049107 രൂപ ന്യൂഡല്‍ഹി ലക്ഷ്മി നഗറിലെ സായി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഇന്‍ഡസ് ബാങ്ക് ശാഖയിലേക്ക് അയച്ചുകൊടുത്ത പണം തട്ടിയെടുത്ത കേസിലാണ് ധനൂപിന്റെ അറസ്റ്റ്. ഇയാള്‍ക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുള്ളതായി അന്വേഷണത്തില്‍ വെളിവായി.
പ്രതികള്‍ വേറെയും സാമ്പത്തിക തട്ടിപ്പുകളില്‍പ്പെട്ടിട്ടുണ്ടോ, കുഴല്‍പ്പണ മാഫിയ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്.എച്ച്.ഓ ടി.ഡി.പ്രജീഷ്, എസ്.ഐ.അനീഷ് എബ്രഹാം, എ.എസ്.ഐ ബി ഷൈന്‍, സി പി ഒമാരായ ശരത്ത് പിള്ള,റ്റി എസ് അനീഷ് , എസ് അന്‍വര്‍ഷ , ആര്‍.രഞ്ജിത്ത് എന്നിവരങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.