
അടൂര്‍: ഒരു കേസിന്റെ മൊഴി എടുക്കുന്നതിനിടെ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത് എട്ടു വര്‍ഷം മുന്‍പ് നടന്ന ലൈംഗിക പീഡനത്തിന്റെ കഥ. അന്ന നാലാം ക്ലാസില്‍ പഠിക്കുകയായിരുന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ടു വര്‍ഷത്തിന് ശേഷമെടുത്ത കേസില്‍ പ്രതിക്ക്
60 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. പന്തളം തെക്കേക്കര പൊങ്ങലടി പറന്തല്‍ വെട്ടുകാല മുരുപ്പേല്‍ സതീഷിനെ(44)യാണ് അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
നാലാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ 2013 ജനുവരി മുതലാണ് സതീഷ് പീഡിപ്പിച്ചത്. അതിജീവിതയുടെ പിതാവിനൊപ്പം മദ്യപിച്ചതിന് ശേഷമായിരുന്നു പീഡനം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കുമ്പോഴാണ് കുട്ടി ഈ വിവരം പോലീസിനോട് പറഞ്ഞത്. 2021 ല്‍ അടൂര്‍ എസ്.എച്ച്.ഓ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിതാജോണ്‍ ഹാജരായി. ഐ.പി.സിയും പോക്‌സോ ആക്ടും പ്രകാരമാണ് കോടതി 60 വര്‍ഷം ശിക്ഷ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നതിനാല്‍ 30 വര്‍ഷമാണ് ശിക്ഷാ കാലാവധി. പിഴത്തുക നല്‍കിയില്ലെങ്കില്‍ രണ്ടു വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണം.