
പത്തനംതിട്ട: കടക്കുള്ളില്‍ അതിക്രമിച്ചകയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറേമുക്കാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. ഇവിടുത്തെ ലോട്ടറിക്കടയില്‍ അതിക്രമിച്ചു കയറി ഉടമയെ ഉപദ്രവിക്കുന്നതറിഞ്ഞു ഇടപെട്ട് തടഞ്ഞ പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റിലെ സിപിഓ ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ശരത്‌ലാലിനാണ് റാന്നി സ്വദേശികളായ യുവാക്കളുടെ ക്രൂരമര്‍ദ്ദനം ഏറ്റത്. പ്രതികളില്‍ ഒരാളുടെ പിതാവിന് കിട്ടാനുള്ള പണത്തെ ചൊല്ലിയായിരുന്നു മര്‍ദനം. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു.
റാന്നി നെല്ലിക്കാമണ്‍ കിഴക്കേതില്‍വീട്ടില്‍ സാം കെ ചാക്കോ (19), പഴവങ്ങാടി കളികാട്ടില്‍ വീട്ടില്‍ ജോസഫ് എബ്രഹാം (19), നെടുപറമ്പില്‍ അനസ് ജോണ്‍സന്‍ (23), കരികുളം നെടുപറമ്പില്‍, അജിന്‍ ,കുമ്പഴ വടക്കുപുറം,അഞ്ചുമരുതിയില്‍ സിദ്ധാര്‍ഥ് (19) എന്നിവരാണ് പിടിയിലായത്.
കാറില്‍ വന്ന പ്രതികള്‍ കടയുടമയെ ഉപദ്രവിക്കുന്നത് കണ്ടയാളുകള്‍ പള്ളിപ്പടി പോയിന്റില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തുവന്ന ശരത് ലാലിനോട് പറഞ്ഞതുപ്രകാരമാണ് അദ്ദേഹം അക്രമികളെ തടഞ്ഞത്. വകവെയ്ക്കാതെ കടക്കാരനെ തല്ലിയ സംഘം പിന്നീട് ശരത്തിനെതിരെ തിരിഞ്ഞു ക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.
ഒന്നാം പ്രതി സാം, പട്ടിക കഷ്ണം കൊണ്ട് ശരത്തിന്റെ വലതുകൈയില്‍ അടിച്ചു പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് കാറിലിരുന്ന രണ്ട് പേരും എത്തി ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ട്രാഫിക് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ശരത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത പത്തനംതിട്ട പോലീസ്, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് റിമാന്‍ഡ് ചെയ്തു.