
അതൊരു അത്ഭുതക്കാഴ്ചയാണ്. പൂര്‍ണമായും മരത്തില്‍ തീര്‍ത്ത അറുപതടിയിലേറെ ഉയരവും നാല്‍പ്പതടിയിലേറെ വീതിയുമുള്ള പതിമൂന്ന് പടുകൂറ്റന്‍ പള്ളി വിളക്കുകള്‍. പതിനായിരക്കണക്കിന് ചെരാതുകളില്‍ കത്തിയെരിയുന്ന സുവര്‍ണ ദീപങ്ങള്‍. ചെറിയനാടിന്റെ വീഥി നിറഞ്ഞ് അങ്ങനെ വരികയാണ്. ഇതു ബാലസുബ്രഹ്മണ്യന്റെ പുറപ്പാടാണ്. ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പുറപ്പാട് ഉത്സവം വ്യാഴാഴ്ച പുലര്‍ച്ചെയാണ്.
മരത്തിലൊരുങ്ങിയ മഹാത്ഭുതമാണ് ചെറിയനാട്ടെ പള്ളിവിളക്കുകള്‍. ഭഗവാന്റെ
പുറപ്പാടിന് അകമ്പടി സേവിക്കുന്ന പള്ളിവിളക്കുകള്‍ ഇടവങ്കാട്ട് ആചാരിമാരുടെ
കലാവൈദഗ്ധ്യത്തിന്റെ മകുടോദാഹരണം കൂടിയാണ്. 60 അടിയിലേറെ ഉയരവും 40
അടിയിലേറെ വീതിയുമുള്ള വിളക്കുകള്‍ മരച്ചക്രത്തിലാണ് ഘടിപ്പിച്ചിട്ടുള്ളത്. മുന്നൂറില്‍പ്പരം ദീപത്തട്ടുകളുമുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഇവ ഭാരതത്തില്‍ തന്നെ അത്യപൂര്‍വമായി ദര്‍ശിക്കാവുന്ന അത്ഭുത കലാസൃഷ്ടികളാണ്.
ക്ഷേത്രത്തില്‍ നിന്നും പടനിലം മൈതാനത്തിലേക്കുള്ള വീതിയേറിയ പാത പൗരാണിക പ്രൗഢി ഓര്‍മിപ്പിക്കുന്നു. പുറപ്പാടിന് ഭഗവാന് അകമ്പടി സേവിച്ചിരുന്ന പള്ളി വിളക്കുകളുടെ സുഗമമായ സഞ്ചാരത്തിനാണ് പാത ഒരുക്കിയിരിക്കുന്നത്. പടനിലം മൈതാനം കരനാഥന്മാരുടെസാന്നിധ്യത്തില്‍ കായികാഭ്യാസ വേദിയായി ഉപയോഗിച്ചിരുന്നു. രാജ പ്രൗഢി ഓര്‍മിപ്പിക്കുന്ന രണ്ട് കളിത്തട്ടുകള്‍ കിഴക്കും പടിഞ്ഞാറുമായി ഉണ്ടായിരുന്നു. ഇവയും കാലാന്തരത്തില്‍ നഷ്ടപ്പെട്ടു. ഇവയുടെ ഇടഭാഗം ഒത്ത വരമ്പ് എന്ന് അറിയപ്പെട്ടു.
പൗരാണിക കാലത്ത് ഉണ്ടായിരുന്ന പള്ളിവിളക്കുകളില്‍ മണ്ഡപരിയാരം
കരയുടേതൊഴികെ മറ്റെല്ലാം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചുപോയി. എന്നാല്‍ കഴിഞ്ഞ
15 വര്‍ഷത്തിനുള്ളില്‍ കരക്കാരുടെ കൂട്ടായ്മയില്‍ മറ്റ് 12 പള്ളിവിളക്കുകളും ക്ഷേത്ര
സന്നിധിയില്‍ കമ്പവിളക്കും നിര്‍മ്മിക്കുവാന്‍ സാധിച്ചു. ഈ വിളക്കുകളുടെ
ദീപപ്രഭയില്‍ പുറപ്പാട് ഉത്സവം ഗതകാല പ്രൗഢിയോടെ ആഘോഷിച്ചു വരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് പതിമൂന്ന് പള്ളിവിളക്കുകളുടെ അകമ്പടിയോടെ പുറപ്പാട് നടക്കുന്നത്. ദൂരെ ദിക്കുകളില്‍ നിന്നു പോലും നാനാജാതി മതസ്ഥര്‍ വിളക്ക് കാണാനെത്തുന്നു.
വിളക്കിനുള്ള ഒരുക്കങ്ങളാണ് ബുധനാഴ്ച. രാവിലെ എട്ടിന് ശ്രീബലി, ആര്‍.എല്‍.വി. ശ്യാംശശിധാരനും മുപ്പതോളം കലാകാരന്മാരും ഒരുക്കുന്ന സ്‌പെഷല്‍ പഞ്ചവാദ്യം. വൈകിട്ട് അഞ്ചിന് ചെറുശേരി കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം. രാത്രി ഏഴിന് കുമാരനല്ലൂര്‍ ഹരിയുടെ മയൂരനൃത്തം. കൊഴുപ്പു കൂട്ടാന്‍ പനയ്ക്കല്‍ നന്ദന്‍, പെരിങ്ങിലിപ്പുറം അപ്പു, പുത്തന്‍കുളം കേശവന്‍, പുത്തന്‍കുളം മോദി, ആദിനാട് സഞ്ജയന്‍ എന്നീ ഗജവീരന്മാരും ഉണ്ടാകും.
ക്ഷേത്രത്തിന്റെ ചരിത്രത്തിന് പഴക്കം ചേരമാന്‍ പെരുമാളിനോളം…
അതിപുരാതനവും പ്രശസ്തവുമാണ് ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ഈ ദേവാലയത്തിന്റെ നിര്‍മാണത്ത ിലെ പ്രത്യേകതകള്‍ കണക്കാക്കി
ചേരമാന്‍ പെരുമാളിന്റെ കാലത്ത് നിര്‍മിക്കപ്പെട്ടതാണെന്ന്് ചരിത്ര ഗവേഷകര്‍
വിലയിരുത്തുന്നു. മുഖമണ്ഡപത്ത ിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലുമുള്ള പുരാതന ശിലാരേഖകള്‍ക്ക് കാലപ്പഴക്കത്താല്‍ തേയ്മാനം സംഭവിച്ചിട്ടുണ്ട്. പൗരാണികത സൂചിപ്പിക്കുന്ന ചില രേഖകള്‍ കൊടിമരപ്പറയില്‍ കാണുവാന്‍ സാധിക്കും.
കാലാന്തരത്തില്‍ ക്ഷേത്രം കായംകുളം രാജാവിന്റെ അധീനതയിലായി. നവീകരണവും പുനഃപ്രതിഷ്ഠയും ഇക്കാലത്ത് നടന്നതായി കണക്കാക്കുന്നു. ഉടമസ്ഥാവകാശം
തൃശൂര്‍ കണയന്നൂര്‍ ദേശത്ത് ഊമന്‍പള്ളിമനയ്ക്കും കൈസ്ഥാനം ചെറിയനാട് കുമാരമംഗലം കിഴക്കേടത്ത് മൂസതുമാര്‍ക്കും താന്ത്രിക ചുമതല താഴമണ്‍ മഠം
തന്ത്രിമാര്‍ക്കുമാണ്. പൂജാദി കര്‍മ്മങ്ങള്‍ ശ്രദ്ധിക്കുന്നതിനായി മൂത്തേടത്ത് മഠം,
നെടുവേലില്‍ മഠം, പുലിമുഖത്ത് മഠം, എഴുന്തോലില്‍ മഠം മുതലായ ഊരായ്മക്കാരെയും വിളക്കെടുപ്പ്, അകത്ത് അടിച്ചു തളി, മാലകെട്ട് എന്നിവയ്ക്ക്
ചെമ്പകശ്ശേരില്‍ ഉണ്ണിമാരേയും രാജാവ് ചുമതലപ്പെടുത്തി.
തച്ചുശാസ്ത്ര വിദഗ്ധരും രാജശില്‍പികളുമായിരുന്ന ഇടവങ്കാട് ആചാരിമാരുടെ വാസ്തു കലാ വൈഭവം ക്ഷേത്ര നിര്‍മിതിയില്‍ തെളിഞ്ഞു കാണാം. പല ദാരുശില്പങ്ങളും ഇവര്‍ വഴിപാടായി നിര്‍മ്മിച്ച് സമര്‍പ്പിച്ചതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിലും ബലിക്കല്‍ പുരയിലുമായി ഈ അമൂല്യ സൃഷ്ടികള്‍ സ്ഥാപി ച്ചിരിക്കുന്നു. പുതുക്കി നിര്‍മിച്ചപ്പോള്‍
മുഖമണ്ഡപത്തില്‍ ഉണ്ടായിരുന്ന ചില ശില്പങ്ങള്‍ ആനക്കൊട്ടിലിലേക്ക് മാറ്റി
സ്ഥാപിച്ചിട്ടുണ്ട്.
കരമൊഴിവായി കിട്ടിയതും ദേശക്കാര്‍ സംഭാവന ചെയ്തതുമായ വളരെയേറെ ഭൂസ്വ ത്തുക്കളും തിരുവാഭരണങ്ങളും ക്ഷേത്രം വകയായി ഉണ്ടായിരുന്നു. കാലാന്തരത്തില്‍ ക്ഷേത്ര മതില്‍ക്കെട്ട്, വിളക്കുമാടം, നാലമ്പലം എന്നിവ പൂര്‍ണമായും ശ്രീകോവില്‍ ഭാഗികമായും ജീര്‍ണാവസ്ഥയിലായി. ഭൂസ്വ ത്തുക്കളില്‍ നിന്നുള്ള വരുമാനം നാമമാത്രമായിരുന്നു. വരുമാനം നിത്യനിദാന കാര്യങ്ങള്‍ക്കു പോലും തികയാതെ വന്നപ്പോള്‍ നാട്ടുകാരുടെ ശ്രമഫലമായി ക്ഷേത്രം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചു.