
പത്തനംതിട്ട: പരേതര്‍ വോട്ട് ചെയ്യാന്‍ വരുന്നത് പല തെരഞ്ഞെടുപ്പുകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, പരേതര്‍ പെന്‍ഷന്‍ വാങ്ങി പുട്ട് അടിക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒന്നുണ്ട് പത്തനംതിട്ട നഗരസഭയില്‍. ഒന്നും രണ്ടുമല്ല 68 പരേതാത്മക്കളാണ് പരലോകത്തിരുന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നത്. എന്തായാലും ഈ വഴിക്ക് നഗരസഭയ്ക്ക് നഷ്ടം 29.70 ലക്ഷം രൂപയാണ്.
വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയാണ് ഈ വിവരം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ആള്‍ മരിച്ചു പോയി എന്നറിഞ്ഞു കൊണ്ടു തന്നെ അവരുടെ അക്കൗണ്ടിലേക്ക് പണം ഇട്ടു കൊടുക്കുകയാണ് നഗരസഭാധികൃതര്‍ ചെയ്യുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ ഇത് കൃത്യമായി കൈപ്പറ്റുന്നുമുണ്ട്. വന്‍ക്രമക്കേടാണ് ഈ വഴിക്ക് നടക്കുന്നത്. നഗരസഭാധികൃതര്‍, ബാങ്ക് അധികൃതര്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവര്‍ അടങ്ങിയ കോക്കസ് ആണ് തട്ടിപ്പിന് പിന്നില്‍.
പെന്‍ഷന്‍ വാങ്ങുന്ന 68 പരേതാത്മാക്കളുടെ പേരും മരിച്ച തീയതിയും അവരുടെ അക്കൗണ്ടില്‍ വന്നിരിക്കുന്ന പെന്‍ഷന്‍ പണത്തിന്റെ കണക്കും അടങ്ങിയ ലിസ്റ്റ് റഷീദ് പുറത്തു വിട്ടു. 60,000 രൂപയ്ക്ക് മുകളില്‍ വരെ തുക മരിച്ച ചിലരുടെ അക്കൗണ്ടില്‍ വന്നു കിടപ്പുണ്ട്
നഗരസഭാ ജീവനക്കാരുടെ വീഴ്ച മൂലം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 29 ലക്ഷം രൂപ നഷ്ടം. മരിച്ച വിവരം നഗരസഭ ജീവനക്കാര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് മൂലമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. നഗരസഭയില്‍ നിന്നും മരണപ്പെട്ട 68 പേരുടെ ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക ഇട്ടുകൊടുത്തു. പെന്‍ഷന്‍ തുക ഇട്ടുകൊടുത്ത ചില അക്കൗണ്ടില്‍ നിന്നും മരിച്ച ആളുടെ ബന്ധുക്കള്‍ ആയിരിക്കാം പെന്‍ഷന്‍ തുക തട്ടിയെടുത്തതും കാണാം. എന്തായാലും ഈ 68 പേരുടെ അക്കൗണ്ടില്‍ ഇട്ടു കൊടുത്തിരിക്കുന്ന 29 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് റഷീദ് കത്തു നല്‍കിയിട്ടുണ്ട്.