തേനി (തമിഴ്‌നാട്): ഒറിജിനല്‍ നോട്ട് നല്കിയാല്‍ നാലിരട്ടി വ്യാജനോട്ടുകള്‍ നല്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. തേനി സ്വദേശികളായ കേശവന്‍, ശേഖര്‍ ബാബു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 3.40 കോടി രൂപയുടെ വ്യാജ 2000 രൂപ നോട്ടുകളും അഞ്ഞൂറ് രൂപയും 14 ലക്ഷം രൂപയും 16 മൊബൈല്‍ ഫോണുകളും 3 കാറുകളും പിടിച്ചെടുത്തു.
10 ലക്ഷം രൂപ നല്‍കിയാല്‍ തുക ഇരട്ടിയാക്കി നല്കാമെന്ന് പറഞ്ഞ് സംഘം ചെന്നൈ സ്വദേശി തവശെല്‍വനില്‍ നിന്നും പണം തട്ടിയിരുന്നു.തവശെല്‍വന്‍ തേനി എസ്പിക്ക് പരാതി നല്കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലില്‍ പ്രതികള്‍ തേനി കാനാവിളക്ക് ഭാഗത്തുണ്ടെന്ന് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരുവേല്‍നായിക്കന്‍ പെട്ടി ഭാഗത്തേക്ക് പേയ വാഹനം തടഞ്ഞാണ് പ്രതികളെ പിടികൂടിയത്.
ഇവര്‍ എത്തിയ കാറ് പരിശോധിച്ചപ്പോഴാണ് സീറ്റിന് പിന്നില്‍ നിന്ന് പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ നോട്ടുകള്‍ കണ്ടെത്തി. യഥാര്‍ത്ഥ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്താണ് ഇവര്‍ കള്ളനോട്ട് തയ്യാറാക്കിയത്. ഇതോടെ രണ്ട് പേരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. പരിശോധനയില്‍ കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ പണം ഇരട്ടിപ്പിക്കല്‍ തട്ടിപ്പ് സംഘത്തിലുള്ളവരെന്ന് വ്യക്തമായി.
പ്രചാരത്തിലുള്ള കറന്‍സി നോട്ടുകള്‍ നല്‍കിയാല്‍ 2000 രൂപയുടെ നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.പ്രതിദിനം 20,000 രൂപ വരെ ബാങ്കില്‍ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്കിയിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവിന്റെ പകര്‍പ്പ് കാണിച്ചായിരുന്നു ഇരകളെ വീഴ്ത്തിയിരുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്നും പണം കവര്‍ന്നതായും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തേനി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാര്‍ത്തിപന്‍ പറഞ്ഞു.