പത്തനംതിട്ട: പ്രപഞ്ചവും പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം പഠിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. എസ്.എന്‍.ഡി.പി യൂണിയന്‍ സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിലും പ്രകൃതിയെ അറിഞ്ഞു പോയാല്‍ ആപത്തില്‍ നന്നൊഴിവാകാം.
തലമുറകളെ അതിജീവിക്കുന്നതാണ് ഗുരുവചനങ്ങള്‍. ആത്മീയ, ഭൗതിക ദര്‍ശനങ്ങളുടെ സമന്വയമാണ് ഗുരുദേവന്റെ വീക്ഷണങ്ങളിലുള്ളത്. ഇത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന വലിയ സംഘടിത ശക്തിയാണ് എസ്.എന്‍.ഡി.പി യോഗം. നിഷേധാത്മകതയല്ല പ്രസാദാത്മകതയായിരുന്നു ഗുരുദേവന്റെ പ്രത്യേകത. ജാതീയമായ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിച്ചവര്‍ക്കെതിരെ ഗുരുദേവന്‍ ഒന്നും പറഞ്ഞില്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി ക്ഷേത്ര പ്രതിഷ്ഠ നടത്തി ഉച്ചനീചത്വങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഗുരുദേവന്റെ സംഭാവനയാണ്. സംസ്ഥാനത്ത് ആത്മീയതയിലൂന്നിയ നവോത്ഥാനം ലക്ഷ്യത്തിലേക്ക് അടുത്തതില്‍ ഗുരുദേവനും എസ്.എന്‍.ഡി.പി യോഗത്തിനും വലിയ പങ്കുണ്ട്. ദൈവദശകത്തിന്റെ ആഴവും വ്യാപ്തിയും ഒരോ ദിവസവും വര്‍ദദ്ധിക്കുകയാണ്. ദൈവദശകം എഴുതിയതിന്റെ നൂറാം വാര്‍ഷിക സമയത്ത് അതിന്റെ പതിപ്പുകള്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായത്തോടെ മിസോറാം രാജ്ഭവന്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍, എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ ചെയര്‍മാന്‍, കെ. പത്മകുമാര്‍, സെക്രട്ടറി ഡി.അനില്‍കുമാര്‍, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് സുനില്‍ മംഗലത്ത്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം സി.എന്‍. വിക്രമന്‍ എന്നിവര്‍ പ്രസംഗിച്ചു.