കോട്ടയം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികമായ അവകാശം സംവിധായകന്‍ രഞ്ജിത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹം അപമാനിച്ചെന്ന് ഒരു നടി വ്യക്തമാക്കുകയും അതിന് സാക്ഷി പറയാന്‍ മറ്റൊരു സിനിമാ പ്രവര്‍ത്തകന്‍ തയ്യാറായിരിക്കുകയുമാണ്. രഞ്ജിത്തിനെ പരസ്യമായി ന്യായീകരിക്കുകയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചെയ്യുന്നത്. സജി ചെറിയാനും രാജിവെക്കണം. ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്.
ഭരണഘടനാവിരുദ്ധമാണ് മന്ത്രിയുടെ നിലപാട്. തെറ്റു ചെയ്തയാളെ സര്‍ക്കാര്‍ തന്നെ ന്യായീകരിക്കുകയാണ്. അടിയന്തരമായി ഈ വിഷയത്തില്‍ കേസ് എടുക്കണം. ഇരയ്ക്ക് നീതി ലഭിക്കണം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ത്രീകളോടുള്ള നിലപാട് ഇതാണോ? പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണ് എല്ലാ സ്ഥലത്തും കാണുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പോക്‌സോ കേസുകള്‍ വരെ ഉണ്ടായിട്ടും സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. നിയമനടപടി സ്വീകരിച്ചാല്‍ മന്ത്രിസഭയിലെ ചിലര്‍ കുടുങ്ങുമെന്നതായിരിക്കും മുഖ്യമന്ത്രിയുടെ പേടിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.